ശബരിമലയിലെ ടെൻഡർ അട്ടിമറി; 210 കടമുറികൾക്ക് റീ-ടെൻഡർ
ടെൻഡർ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്
പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറിയെ തുടർന്ന് തിരുവിതാങ്കൂർ ദേവസ്വം ബോർഡ് സന്നിധാനത്തെ 210 കടമുറികൾക്ക് റീ-ടെൻഡർ വിളിച്ചു.നേരത്തെ നടന്ന ടെൻഡർ നടപടികളിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ വഴി ചോർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 110 കടമുറികളുടെ ലേല നടപടികൾ റദ്ദാക്കിയത്.
മുമ്പ് ഒഴിഞ്ഞുകിടന്ന 100 കടമുറികളും റദ്ദാക്കിയ 110 കടമുറികളും ഉൾപ്പെടുത്തിയാണ് ആകെ 210 കടമുറികൾക്ക് റീ-ടെൻഡർ വിളിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ടെൻഡർ വിവരങ്ങൾ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ടെൻഡർ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ആന്ധ്രയിലായിരുന്ന ദേവസ്വം വിജിലൻസ് എസ്.പി സ്ഥലത്തെത്തി അന്വേഷണം നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകാരുടെ മൊഴി വിജിലൻസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ഫോൺ രേഖകളും പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു.
അതേസമയം, വിജിലൻസ് അന്വേഷണ റിപ്പോർട്ട് നാളെയോ മറ്റന്നാളോ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സമർപ്പിക്കുമെന്നാണ് സൂചന. തുടർന്ന് ബുധനാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.