'സച്ചാര്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണം'; മുസ്‍ലിം സംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക്

ആവശ്യമുന്നയിച്ച് ആഗസ്റ്റ് മൂന്നിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. തുടര്‍ പ്രക്ഷോഭപരിപാടികള്‍ക്കായി സച്ചാര്‍ സംരക്ഷണ സമിതി രൂപീകരിച്ചു

Update: 2021-07-25 10:04 GMT
Editor : Shaheer | By : Web Desk
Advertising

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം സംഘടനകള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. മുസ്‍ലിം ലീഗ് വിളിച്ച സംഘടനകളുടെ യോഗമാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ആവശ്യമുന്നയിച്ച് ആഗസ്റ്റ് മൂന്നിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും.

ഇടതുസര്‍ക്കാര്‍ സച്ചാര്‍ റിപ്പോര്‍ട്ട് സ്‌കോളര്‍ഷിപ്പ് മാത്രമായി ഒതുക്കിയെന്ന് യോഗം കുറ്റപ്പെടുത്തി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്രസക്തമായ സ്ഥിതിയാണ് നിലവിലുള്ളത്. ഇപ്പോള്‍ സ്‌കോളര്‍ഷിപ്പിലും വലിയ അന്തരമാണുണ്ടായിരിക്കുന്നത്. ഇത് ഇനിയും മുന്നോട്ടുപോയാല്‍ മുസ്‍ലിം വിദ്യാര്‍ത്ഥികളെ ഇതു ഭാവിയില്‍ വലിയ തോതില്‍ ബാധിക്കുന്നതാണ്. സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയ നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. അതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസ്‍ലിംകളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതില്‍ വര്‍ഗീയത ആരോപിക്കുന്ന പ്രവണത തുടങ്ങിയിട്ടുണ്ട്. ഇത് ശരിയല്ല. എല്ലാ വിഭാഗം ജനവിഭാഗങ്ങളും പരസ്പരം അംഗീകരിച്ചുകൊണ്ടാണ് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. അതാണ് കേരളത്തിന്റെ സാമൂഹികാവസ്ഥ. എന്നാല്‍, ചിലര്‍ അതില്‍ വര്‍ഗീയത കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് തങ്ങള്‍ കുറ്റപ്പെടുത്തി.

14 മുസ്‍ലിം സംഘടനകളുടെ പ്രതിനിധികളാണ് ഇന്നു യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ പ്രക്ഷോഭപരിപാടികള്‍ക്കായി സച്ചാര്‍ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമിതിയുടെ ചെയര്‍മാന്‍. മതസംഘടനകളുടെ യുവജന കോഡിനേഷന്‍ രൂപീകരിക്കുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനാണ് ഇതിന്റെ ചുമതല.  ഓഗസ്റ്റ് മൂന്നിന് സെക്രട്ടേറിയറ്റ് ധര്‍ണയ്ക്കു ശേഷം സമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്‍കും. ജില്ലാതലങ്ങളിലും സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിക്കും.

വിവിധ മുസ്‍ലിം സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഡോ. അബ്ദുല്‍ മജീദ് സ്വലാഹി, പി. മുജീബുറഹ്‌മാന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, സിടി സക്കീര്‍ ഹുസൈന്‍, എഞ്ചിനീയര്‍ മുഹമ്മദ് കോയ, വിപിഎ ഗഫൂര്‍, ടികെ അഷ്‌റഫ്, അഷ്‌റഫ് ബാഖവി, ഡോ. ഖാസിമുല്‍ ഖാസിമി, സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ എന്നിവരും  എംഎല്‍എമാരായ പികെ കുഞ്ഞാലിക്കുട്ടി, ഡോ. എംകെ മുനീര്‍, മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News