ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിലേക്ക് നീങ്ങരുത്; അതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതിനെ എതിർത്തത്: സച്ചിദാനന്ദൻ
അടിസ്ഥാനപരമായി താൻ വലതുപക്ഷ ആശയങ്ങൾക്കും ഹിന്ദുത്വ ഇന്ത്യ എന്ന സങ്കൽപ്പത്തിനും എതിരാണ്. മരിക്കുന്നതുവരെ ഇത് തുടരുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി
ഷാർജ: ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിലേക്ക് നീങ്ങിയാൽ പ്രതീക്ഷയില്ലാതാകും എന്നതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതിനെ തുറന്ന് എതിർത്തതെന്ന് കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദൻ. പണത്തിന് വേണ്ടി എന്തിനാണ് ഇടതുപക്ഷം സന്ധിചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. മരണംവരെ താൻ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരായിരിക്കുമെന്നും സച്ചിദാനന്ദൻ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പറഞ്ഞു.
എതിർപ്പുകൾ തുറന്നുപറയും എന്ന് മുൻകൂട്ടി പറഞ്ഞാണ് താൻ സാഹിത്യ അക്കാദമി പ്രസിഡന്റായത്. സർക്കാരിൽ തനിക്ക് ശരിയല്ലെന്ന് തോന്നുന്നത് ഇനിയും പറയും. ആദ്യമായിട്ടായിരിക്കും ഒരു സാഹിത്യ അക്കാദമി പ്രസിഡന്റ് ഇത്തരത്തിൽ പ്രതികരിക്കുന്നത്. അടിസ്ഥാനപരമായി താൻ വലതുപക്ഷ ആശയങ്ങൾക്കും ഹിന്ദുത്വ ഇന്ത്യ എന്ന സങ്കൽപ്പത്തിനും എതിരാണ്. മരിക്കുന്നതുവരെ ഇത് തുടരുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.