ഉദ്യോഗസ്ഥരില്ല, ഡീസലടിക്കാൻ ഫണ്ടില്ല; നട്ടം തിരിഞ്ഞ് സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

നിയമിച്ചത് ആവശ്യമായ ഉദ്യോഗസ്ഥരുടെ മൂന്നിലൊന്ന് മാത്രം

Update: 2022-10-11 02:12 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: വടക്കഞ്ചേരി ബസപകടത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് മുമ്പെങ്ങുമില്ലാത്ത വിധം പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിനായി നിയോഗിക്കപ്പെട്ട സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിമിതികളിൽ നട്ടം തിരിയുകയാണ്. ഉദ്യോഗസ്ഥ ക്ഷാമത്തിന് പുറമെ വാഹനകൾക്ക് ഡീസലടിക്കാൻ പോലും ഫണ്ടില്ല.

സംസ്ഥാനത്തെ വാഹന അപകടങ്ങൾ കുറക്കാൻ 2018 ലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചത്. ആവശ്യമായ ഉദ്യോഗസ്ഥരുടെ മൂന്നിലൊന്ന് തസ്തികകൾ മാത്രമാണ് ഇതിനായി സൃഷ്ടിച്ചത്. സ്‌ക്വാഡിൽ ആർ.ടി.ഒ ഉൾപ്പെടെ 354 ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. കൺട്രോൾ റൂമിലാകട്ടെ ആകെ 14 പേരും. വടക്കഞ്ചേരി അപകടം ഉൾപ്പെടെ ഭൂരിഭാഗം അപകടങ്ങളും മരണവും സംഭവിക്കുന്നത് രാത്രികാലങ്ങളിലാണ്. എന്നാൽ ഉദ്യോഗസ്ഥ ക്ഷാമം കാരണം രാത്രികാല പരിശോധന നടത്താൻ സാധിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.. പരിശോധന കർശനമാക്കാനാണ് സർക്കാർ നിർദേശം. ഉദ്യോഗസ്ഥ വിടവ് നികത്താതെ പരിശോധന ഫലപ്രദമാകില്ലെന്ന് കേരള അസിസ്റ്റന്റ് മേട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അസോസിയേഷൻ ഗതാഗത മന്ത്രിക്ക് കത്ത് നൽകി.

Advertising
Advertising

ഉദ്യോഗസ്ഥ ക്ഷാമം കൊണ്ടും പ്രശ്‌നമവസാനിക്കുന്നില്ല. സ്‌ക്വാഡിലെ വാഹനങ്ങൾക്ക് ഡീസലടിക്കാൻ ഫണ്ടില്ല. മിക്കതും കാലപഴക്കം വന്ന വാഹനങ്ങളാണ്. ഓടിക്കാൻ ഡ്രൈവറുമില്ല. ഇലക്ട്രിക് വാഹനങ്ങൾ അനുവദിച്ചെങ്കിലും ഇവ 150 കിലോമീറ്റർ വരെയെ ഫുൾ ചാർജിൽ സഞ്ചരിക്കൂ. വീണ്ടും ചാർജാകാൻ 8 മണിക്കൂർ വേണം. അറ്റകുറ്റ പണി വന്നാൽ ഫണ്ടില്ലാത്തതു കൊണ്ട് ഷെഡിൽ ഒതുക്കാനേ മാർഗമുള്ളു. ഇതിന് പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം. അല്ലെങ്കിൽ എല്ലാം വീണ്ടും പഴയപടി ആകുമെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News