'റാഗിങ്ങ് ആചാരമാണെന്ന് വിശ്വസിക്കുന്നവരാണ് ആ ജീവനെടുത്തത്’ കൊച്ചിയിൽ 15 കാരൻ മരിച്ച സംഭവത്തിൽ സാമന്ത
കുടുംബത്തിന് പിന്തുണയുമായി പൃഥ്വിരാജ് , ആഷിഖ് അബു, പാർവതി തിരുവോത്ത് തുടങ്ങിയ താരങ്ങൾ രംഗത്തെത്തി
കൊച്ചി: തൃപ്പുണിത്തുറയിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ ക്രൂരമായ റാഗിങ്ങിന് ഇരയായ 15കാരൻ ആത്മഹത്യ ചെയ്ത സംഭവം ദേശീയതലത്തിൽ ചർച്ചയാകുന്നു. സിനിമാതാരങ്ങളടക്കം പ്രമുഖർ റാഗിങ്ങിനെതിരെയും കുട്ടിയുടെ കുടുംബത്തെയും പിന്തുണച്ച് രംഗത്തെത്തി.
സാമന്ത റൂത്ത്പ്രഭു, പൃഥ്വിരാജ് സുകുമാരൻ, ആഷിഖ് അബു, പാർവതി തിരുവോത്ത്, നീരജ് മാധവ്, നൈല ഉഷ തുടങ്ങിയ പ്രമുഖരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് താരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
'ഈ വാർത്ത എന്നെ പൂർണമായും തകർത്തു. 2025 ആയിട്ടും വെറുപ്പും വിഷവും നിറഞ്ഞ കുറച്ചാളുകൾ കാരണം ഒരു കുട്ടിയുടെ ജീവൻ കൂടെ നഷ്ടപ്പെട്ടു. റാഗിങ്ങും ഉപദ്രവും പരമ്പരാഗതമായുള്ള ആചാരങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് മിഹിറിന്റെ ജീവനെടുത്തത്.'എന്നാണ് തെന്നിന്ത്യൻ നടി സാമന്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സ്കൂളിൽ റാഗിങ്ങും ബുള്ളിയിങ്ങും കണ്ടാൽ പ്രതികരിക്കണമെന്നും സഹായം തേടണമെന്നും താരം കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് ഫോർ മിഹിർ എന്ന ഹാഷ്‌ടാഗോടെ പങ്കുവെച്ച പോസ്റ്റിൽ മിഹിറിന് നീതി ലഭിക്കണമെന്നും സാമന്ത ആവശ്യപ്പെട്ടു.
കുട്ടികൾക്ക് ആദ്യമായി നൽകേണ്ട പാഠം സഹാനുഭൂതിയാണെന്നായിരുന്നു നടൻ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം. വിദ്യാഭ്യാസ പരിതസ്ഥിതികളിൽ സഹാനുഭൂതി വളർത്തുന്നതിൻ്റെ പ്രാധാന്യം തരാം പോസ്റ്റിൽ ചൂണ്ടിക്കാട്ടി. കുട്ടികളിൽ അനുകമ്പയും മാനുഷിക പരിഗണയും വളർത്തുന്നിൽ കുട്ടിയുടെ ചുറ്റുപാടുകൾക്കും പ്രാധാന്യമുണ്ടെന്നും താരം ഓർമിപ്പിച്ചു.
സംഭവത്തിൽ ഞെട്ടൽ പങ്കുവെക്കുന്നതായിരുന്നു സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പ്രതികരണം. കേരളത്തിലെ ഒരു സ്കൂളിൽ ഇങ്ങനെയൊന്ന് നടന്നത് ഞെട്ടലുണ്ടാക്കുന്നെന്നും, മിഹിറിനും കുടുംബത്തിനും നീതി വേണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിലുണ്ടാകുന്ന റാഗിങ് ഇരകളിൽ ഉണ്ടാക്കുന്ന വൈകാരിക പ്രശങ്ങളെയും അതിന്റെ ആഘാതങ്ങളെയുംക്കുറിച്ചും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വിഷാദം കാരണം തനിക്ക് നഷ്ട്ടപെട്ട പ്രിയപെട്ടവരെ അനുസ്മരിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. കുട്ടികളോട് അടുത്ത ഇടപഴകാനും അവർക്ക് സുരക്ഷിതമായ അന്തരീക്ഷം വീട്ടിൽ ഒരുക്കണമെന്നും മാതാപിതാക്കളോടും അദ്ദേഹം അഭ്യർഥിച്ചു.
ജനുവരി 15നായിരുന്നു മിഹിര്‍ ഫ്ലാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കുട്ടി സ്കൂളിൽ ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് അമ്മ റജിന പി എം പരാതി നൽകിയിരുന്നു. സഹപാഠികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. ജീവനൊടുക്കിയ ദിവസം പോലും മിഹിര്‍ ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നുവെന്നും അമ്മ പറയുന്നു.