സ്‌കൂൾ സമയമാറ്റം: മദ്രസാ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ മാത്രം ഒതുക്കരുതെന്ന് സമസ്ത എപി വിഭാഗം
സമയം അധികരിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റി കൂട്ടാനുള്ള വഴിയാണെന്ന് തോന്നുന്നില്ലെന്ന് റഹ്മത്തുല്ല സഖാഫി എളമരം
representative image
കോഴിക്കോട്: സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം ഇന്ന് മുതൽ നിലവിൽ വരും. ഇതോടെ 8 മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും. അതേസമയം, സമയമാറ്റം മദ്രസാ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിൽ എന്നതിൽ മാത്രം ഈ പ്രശ്നത്തെ ഒതുക്കരുതെന്ന് സമസ്ത എപി വിഭാഗം അഭിപ്രായപ്പെട്ടു.
കുട്ടികളെ അരമണിക്കൂര്‍ കൂടി നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നുവെന്നാണ് സമയമാറ്റത്തെ കാണേണ്ടതെന്ന് കേരള മുസ്‍ലിം ജമാഅത്ത് നേതാവ് മജീദ് കക്കാട് മീഡിയവണിനോട് പറഞ്ഞു. 'ഇന്നത്തെ കാലത്തെ കുട്ടികളെ ഏതെങ്കിലും സ്ഥലത്ത് കൂടുതല്‍ സമയം തളച്ചിടുക എന്നത് അപ്രായോഗികവും അശാസ്ത്രീയവുമാണ്.കൂടാതെ കുട്ടികളെ മാനസിക സംഘര്‍ഷത്തിലാക്കുകയും ചെയ്യും. കുട്ടികള്‍ക്ക് ഫ്രീ ടൈം വര്‍ധിപ്പിക്കുക എന്ന രീതിയിലേക്കാണ് മറ്റു രാജ്യത്തെ വിദ്യാഭ്യാസ രീതികള്‍ മുന്നോട്ട് പോകുന്നത്. മദ്രാസമയത്തെ ബാധിക്കുമോ എന്നത് അതിലെ ഒരു വിഷയം മാത്രമാണ്. അതിനേക്കാളേറെ ഇക്കാര്യത്തില്‍ പഠിക്കാനുണ്ട്-മജീദ് കക്കാട് പറഞ്ഞു.
സ്കൂള്‍ സമയം അധികരിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റി കൂട്ടാനുള്ള വഴിയാണെന്ന് തോന്നുന്നില്ലെന്ന് കേരള മുസ്‍ലിം ജമാഅത്ത് നേതാവ് റഹ്മത്തുല്ല സഖാഫി എളമരം പറഞ്ഞു. 'കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് ഈ സമയത്ത് സ്കൂളിലെത്തുക എന്നത് ബുദ്ധിമുട്ടാണ്. മദ്രസയിലെ പഠനത്തിനും സമയം കുറഞ്ഞുവരും. സമയം കൂട്ടുന്നത് പുതിയ കാലത്ത് അശാസ്ത്രീയമാണ്.സര്‍ക്കാറിനോട് ഇക്കാര്യത്തില്‍ സംഘടന കത്തയച്ചിട്ടുണ്ടെന്നും എന്നാല്‍ മറുപടി കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് അധിക സമയം. 8 മുതൽ 10 വരെ ക്ലാസുകളിൽ 9.45 മുതൽ 4. 15 വരെയാകും പഠനസമയം. എട്ട് പീരിയഡുകൾ നിലനിർത്തിയാണ് പുതിയ സമയമാറ്റം നിലവിൽ വരുന്നത്. സമസ്ത എതിർപ്പ് അറിയിച്ചെങ്കിലും പരാതി ലഭിച്ചാൽ ചർച്ചയാകാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് . തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.