പത്താം തിയതി രാവിലെയുള്ള ഒരു ഫോൺകോൾ, അതായിരുന്നു ഈ ഭയപ്പാടിന്‍റെയൊക്കെ തുടക്കം ; ഭീതിയിലാഴ്ത്തിയ ദിവസങ്ങളെക്കുറിച്ച് മരുതോങ്കര വാര്‍ഡ് മെമ്പര്‍

ആരോഗ്യ പ്രവർത്തകരായ ആശമാരുടെ സംഘം ടീമായി വരുന്നു

Update: 2023-09-18 04:51 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപ ആശങ്ക പതിയെ കോഴിക്കോട് ജില്ലയില്‍ നിന്നും ഒഴിഞ്ഞുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ദിവസം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപ വൈറസ് ബാധിച്ചു ചികിത്സയിലുള്ള ഒമ്പതു വയസുകാരനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്.

മരുതോങ്കരയാണ് ആദ്യം നിപ റിപ്പോര്‍ട്ട് ചെയ്തത്. നിപ സ്ഥിരീകരിച്ചതിനു ശേഷവും തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും വിശദീകരിക്കുകയാണ് മരുതോങ്കര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സമീറ ബഷീര്‍ കള്ളാട്. ഇത്രമേൽ ഭീതി നിറഞ്ഞ ഒരു കാലം തങ്ങളുടെ പ്രദേശമായ കള്ളാടിന് നേരിടേണ്ടി വന്നിട്ടില്ലെന്ന് സമീറ ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

സമീറയുടെ കുറിപ്പ്

" ഭീതി"

പത്താം തീയതി രാവിലെയുള്ള ഒരു ഫോൺകോൾ .... അതായിരുന്നു ഇന്നത്തെ ഈ ഭയപ്പാടിന്‍റെയൊക്കെ തുടക്കം പ്രതീക്ഷിക്കാതെ ആണല്ലോ പലതും നമ്മളിലേക്ക് വിരുന്നു വരിക ,അതിൽ ചിലത് സങ്കടമായൊ സന്തോഷമായോ പരീക്ഷണമായി നമ്മിലേക്ക് വന്നേക്കാം... എന്തുതന്നെയായാലും അതൊക്കെയും നേരിടണമല്ലോ...

ആഗസ്ത് മാസം ഇരുപത്തിരണ്ടാം തീയതിയാണ് അയൽവാസിയും സുഹൃത്തുമായ മുഹമ്മദിന് പനിപിടിച്ചത്എന്ന് പറയുന്നത്.എങ്കിലും ഇരുപത്തിയഞ്ചാം തീയതി വൈകിട്ട് അവനെ കാണുന്നു. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ വാപ്പയെയും കൂട്ടി പള്ളിയിലേക്ക് പോകുന്നതായിട്ട്. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് അറിയുന്നത് മുഹമ്മദ് തൊട്ടിൽപാലം ഇക്റ ഹോസ്പിറ്റൽ കാണിക്കാൻ വേണ്ടി പോയെന്നും ജീവൻ നിലനിർത്തുന്ന ശ്വാസവായുവിന്റെ അളവ് കുറയുന്നുവെന്നും മറ്റ് ചില അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തതിനാൽ കാലിക്കറ്റ് ഇക്റ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയും അതിൻറെ ഭാഗമായി അവിടെ നിന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ആണ് ഉണ്ടായത്. വീണ്ടും ആരോഗ്യനില ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പ്രാർത്ഥനയോടെ ഒരു ഗ്രാമവും അവിടുത്തെ ബന്ധുക്കളും തളർന്നുപോയ ബാപ്പയെ പരിചരിച്ച് പൂർവ്വ സ്ഥിതിയിലേക്ക് എത്തിച്ച നാടിന്റെയും കുടുംബത്തിലെയും സ്നേഹാദരനായ മുഹമ്മദിനെ തിരിച്ചുകിട്ടാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു... എന്നാൽ മരണമെന്ന യാഥാർത്ഥ്യം അവനെയും തേടി വന്നു താമസിയാതെ..അതായത് മുപ്പതാം തിയ്യതി പുലർച്ചെ അതും സംഭവിച്ചു.

അദ്ദേഹത്തിൻറെ മരണം ഞങ്ങളുടെയും കുടുംബത്തിന്റെയും ഒക്കെ തീരാ വേദനയായി അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒമ്പതാം തീയതി ശനിയാഴ്ച ഒരുപാട് വർഷം കാത്തിരുന്നു കിട്ടിയ മകൻ അന്നുവിനും പനി വന്നു ഹോസ്പിറ്റലിലെത്തുന്നത്. വാപ്പയുടെ അതേ അവസ്ഥയിലാണ് മോന്‍റെയും ആരോഗ്യസ്ഥിതി പോകുന്നത് എന്ന് മനസ്സിലാക്കിയതോടെ മിംസ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയും അവിടെനിന്ന് ഐസിയുവിലേക്ക് മാറ്റുകയും വീണ്ടും ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്‍റിലേറ്റർ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചതിനാൽ മുഹമ്മദിൻറെ വീട് ഒന്ന് അണുനശീകരണം നടത്തണമെന്ന് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനെ അറിയിക്കുകയും എച്ച്ഐ വിനോദിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.

ആരോഗ്യ പ്രവർത്തകരായ ആശമാരുടെ സംഘം ടീമായി വരുന്നു.. വീടുകളൊക്കെ പരിശോധിക്കുന്നു.. കോൺടാക്ട് ലിസ്റ്റ്, റൂട്ട് മാപ്പ് ,എന്നിങ്ങനെ പല പേരുകളിൽ ലിസ്റ്റുകളും, തയ്യാറാക്കുന്നു.... കണ്ടൈൻമെന്റ് അതുപോലെ ക്വാറന്റൈനിൽ പോവാൻ പറയുന്നു.. നിപ സ്ഥിരീകരണവും നടക്കുന്നു ...എല്ലാം ഒരു സ്വപ്നം പോലെ കടന്നുപോകുന്നു . ജില്ലാ മെഡിക്കൽ ടീം കേന്ദ്ര ആരോഗ്യസംഘം അങ്ങനെ പലരും വരുന്നു. ചുറ്റുമുള്ള മൃഗങ്ങളെപ്പറ്റി ,പക്ഷികളെ പറ്റി എന്ന് വേണ്ട ഈ പരിസരത്തുള്ള എല്ലാ ജീവികളെ പറ്റിയും അന്വേഷണങ്ങൾ നടന്നു... അവസാനം വവ്വാലിലും ടെസ്റ്റ് നടത്തുന്നു.സ്ക്രീനിലൂടെ മാത്രം നമ്മൾ കാണാറുള്ള പക്ഷി മൃഗ നിരീക്ഷകരെയും നേരിട്ട് കാണേണ്ടിവന്നു കേന്ദ്ര സംഘമായ പൂനൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗവും എത്തി വവ്വാലിൻ്റെ സ്രവവും ടെസ്റ്റ് ചെയ്യാൻ വേണ്ടി ശേഖരിച്ചു.




 ഇതൊക്കെയാണെങ്കിലും മോന്‍റെ ആരോഗ്യസ്ഥിതിയിൽ നല്ല മാറ്റം വന്നതും പ്രൈമറി കോൺടാക്ടിൽ പോസിറ്റീവ് റിസൽട്ട് ഉണ്ടാവാതിരുന്നതും നാടിന്‍റെ സമാധാനത്തിന് വഴിയൊരുക്കി ദൈവത്തിന് എത്ര സ്തുതി പറഞ്ഞാലും മതിയാവില്ല പൂർണ ആരോഗ്യത്തോടെയുള്ള ആ മകനെ കുടുംബത്തിന് തിരിച്ചു കിട്ടണേ... എന്നാണ് പ്രാർത്ഥന. ഇതിനിടയിൽ മൊത്തം കൺഫ്യൂഷൻ ആക്കുന്ന മീഡിയക്കാരും തിരുവായിൽ നിന്ന് എന്തെങ്കിലും വന്നാൽ അതൊരു വാർത്തയാക്കി മത്സരമാക്കാൻ തത്രപ്പെടുന്ന ചാനലുകാരും ഒരുപാട് കാണാമായിരുന്നു.. ഒട്ടേറെ പ്രശ്നത്തിന് ഇടയിലും വ്യാജമായ ഒരു പാട് വാർത്തകൾക്കും ഒരു കുറവും ഉണ്ടായിരുന്നില്ല. "സങ്കടങ്ങളാണ് മറക്കാൻ പറ്റാത്ത അനുഭവങ്ങൾ " നൽകുക എന്നാണല്ലൊ.... കുറച്ചേറെ അനുഭവങ്ങൾ പങ്കിട്ടത് കൊണ്ടാവാo ഇതിനെയൊക്കെ മറികടക്കാൻ കഴിയുന്നതും.

ഇത്രമേൽ ഭീതി നിറഞ്ഞ ഒരു കാലം ഞങ്ങളുടെ പ്രദേശമായ കള്ളാടിന് നേരിടേണ്ടി വന്നിട്ടില്ല. ഇനിയൊരിക്കലും അത് ആവർത്തിക്കാതിരിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ഈ ഒരവസ്ഥയിൽ ഞങ്ങളുടെ കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും ഒരായിരം നന്ദി.... ഹെൽത്ത് ടീമിന് പ്രത്യേകിച്ച് നന്ദി അറിയിക്കുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News