പാണക്കാടെത്തി ശശി തരൂർ; പുതിയ കാര്യമല്ലെന്നും അസ്വാഭാവികതയില്ലെന്നും വിശദീകരണം

എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും താന്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു.

Update: 2022-11-22 04:37 GMT

മലപ്പുറം: മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ പാണക്കാടെത്തി. മുസ്‍ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരുമായി തരൂർ കൂടിക്കാഴ്ച്ച നടത്തി. എം.കെ രാഘവൻ എം.പിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിഭാ​ഗീയ പ്രവർത്തനമാണ് നടത്തുന്നതെന്ന ആരോപണം നിഷേധിച്ച ശശി തരൂർ കൂടിക്കാഴ്ച ഒരു പുതിയ കാര്യമല്ലെന്നും വ്യക്തമാക്കി.

താ‌നെപ്പോഴും ഈ ഭാഗത്ത് വരുമ്പോള്‍ ലീഗിനൊപ്പം ഒരു സൗഹൃദം കാണിച്ചിട്ടുണ്ട്. പ്രചരണം നടത്തിയിട്ടുണ്ട്. 2016ലും 2021ലും പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രചരണത്തിനിറങ്ങിയിട്ടുണ്ട്. സമദാനി മത്സരിച്ചപ്പോഴും പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും താന്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു.

Advertising
Advertising

കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ല. രണ്ട് യു.ഡി.എഫ് എംപിമാര്‍ ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതില്‍ വലിയ വാര്‍ത്തയുണ്ടാക്കാന്‍ എന്തിരിക്കുന്നു എന്ന് മനസിലാവുന്നില്ല. ചിലര്‍ പറയുന്നു ഇതൊരു വിഭാഗീയകാര്യമാണെന്നും ഗ്രൂപ്പുണ്ടാക്കലിനുള്ള ശ്രമമാണെന്നും.

എന്നാൽ ഒരു ഗ്രൂപ്പും ഉണ്ടാക്കാനില്ല. താല്‍പര്യവുമില്ല. കോണ്‍ഗ്രസിനകത്ത് എയും ഐയുമൊക്കെയുണ്ട്. ഇനി ഒയും ഇയും ഒന്നും വേണ്ട. അഥവാ ഒരക്ഷരം വേണമെങ്കില്‍ യു ആണ്, യുണൈറ്റഡ് കോണ്‍ഗ്രസ് ആണ് ഞങ്ങള്‍ക്ക് ആവശ്യം.

തങ്ങള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഞങ്ങളുടെ സ്വന്തം വിശ്വാസത്തിനും വേണ്ടിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ ഈ സന്ദര്‍ശനത്തെ ആരാണ് ഭയക്കുന്നത് എന്ന ചോദ്യത്തിന് എനിക്ക് ആരെയും ഭയമില്ല, ആര്‍ക്കും എന്നെ ഭയക്കേണ്ട ആവശ്യവുമില്ല എന്നായിരുന്നു മറുപടി. കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടുനിന്നു.

അതേസമയം, ഡി.സി.സി നേതാക്കളാരും ശശി തരൂരിനൊപ്പം ഉണ്ടായിരുന്നില്ല എന്നത് കോൺ​ഗ്രസിലെ വിലക്കിന്റെ തെളിവാണെന്നാണ് ആരോപണം. കോഴിക്കോട് കഴിഞ്ഞദിവസം തരൂരിന്റെ പരിപാടിയിൽ നിന്ന് സംഘാടകരായ യൂത്ത് കോൺ‍​ഗ്രസ് പിന്മാറിയിരുന്നു. കോൺ​ഗ്രസ് ‌നേതൃത്വത്തിൽ നിന്നുള്ള സമ്മർദഫലമായാണ് ഈ പിന്മാറ്റം എന്നായിരുന്നു വിവരം.

അതേസമയം, തരൂരിന്റേത് സൗഹൃദ സന്ദർശമായിരുന്നെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. സന്ദർശനം സാധാരണം മാത്രമെന്നും യുഡിഎഫിന്റെ സാധ്യതകളും പൊതു വിഷയങ്ങളുമാണ് ചർച്ചയായതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

രാഷ്ട്രീയക്കാരുടെ പാണക്കാട് സന്ദർശനം പതിവുള്ളതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇന്ന് മലപ്പുറത്ത് ഡി.സി.സി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News