'കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്‍റെയും നരഹത്യകളുടെയുമാണ്' വിഡി സതീശന്‍

യുക്രയിനിൽ നിന്നും ജോസഫ് സ്റ്റാലിന്‍റെ ഭരണകാലത്ത് വധിക്കപ്പെട്ടവരുടെ ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്ത വാർത്തയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Update: 2021-08-28 08:00 GMT
Editor : Roshin | By : Web Desk

യുക്രയിനിൽ നിന്നും ജോസഫ് സ്റ്റാലിന്‍റെ ഭരണകാലത്ത് വധിക്കപ്പെട്ടവരുടെ ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്ത വാർത്തയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്റെയും നരഹത്യകളുടെയും കഥകൾ തന്നെയാണെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പതിനഞ്ച് ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം ഇന്നും തങ്ങളുടെ ഓഫീസുകളിൽ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്നും ആ ചിത്രത്തിന് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോൾ തങ്ങളുടെ പിൽക്കാലം ഏകാധിപത്യത്തിന്റെയും നരഹത്യകളുടേതും ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന പുതുതലമുറയെങ്കിലും അറിയണമെന്നും സതീശന്‍ കുറിച്ചു.

Advertising
Advertising

ജോസഫ് സ്റ്റാലിന്‍റെ ഭരണകാലത്ത് യുക്രൈനില്‍ കുഴിച്ചുമൂടിയ 5000 മുതല്‍ 8000 പേരുടെ അസ്ഥികളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സോവിയറ്റ്​ യൂനിയ​െൻറ ഭാഗമായിരുന്ന യുക്രെയ്​നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിന് സമീപമാണ് 1937-39 കാലത്ത് കൊല്ലപ്പെട്ടെന്ന് കരുതുന്ന ആളുകളുടെ അസ്ഥികള്‍ കണ്ടെത്തിയത്.

വിഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മനുഷ്യാവകാശങ്ങളെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും ബോധവാന്മാരായ ഇന്നത്തെ സമൂഹത്തെ അദ്‌ഭുതപ്പെടുത്തുന്നതാണ് പഴയ സോവിയേറ്റ് യൂണിയനിലെ യുക്രയിനിൽ കമ്മ്യൂണിസ്റ്റ് ഏകാധിപതി സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ടവരുടെ ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്ത വാർത്ത. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്റെയും നരഹത്യകളുടെയും കഥകൾ തന്നെയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നൊടുക്കിയത് കമ്പോഡിയയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരി പോൾ പോട്ട് ആയിരുന്നു. നരഹത്യയിൽ രണ്ടാം സ്ഥാനം ചരിത്രത്തിൽ ജോസഫ് സ്റ്റാലിൻ ആണ്, അഡോൾഫ് ഹിറ്റ്ലർ പോലും മൂന്നാമതാണ്. കഴിഞ്ഞ ദിവസം യുക്രെയിനിൽ കണ്ടെടുത്ത അസ്ഥികൂടങ്ങൾ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യത്തിലും അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ചരിത്രത്തിന്റെ ഭീകരമുഖത്തിന്റെ ശേഷിപ്പുകളാണ്. എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന സ്റ്റാലിനിസ്റ്റ് ശൈലി അതിൽ ആഴത്തിൽ കൊത്തിവച്ചിട്ടുള്ളതാണ്.

പതിനഞ്ച് ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം ഇന്നും തങ്ങളുടെ ഓഫീസുകളിൽ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. ആ ചിത്രത്തിന് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോൾ തങ്ങളുടെ പിൽക്കാലം ഏകാധിപത്യത്തിന്റെയും നരഹത്യകളുടേതും ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന പുതുതലമുറയെങ്കിലും അറിയണം. തങ്ങൾ ജനാധിപത്യവാദികളാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും പ്രവർത്തനങ്ങളിൽ ഏകാധിപത്യ സ്വഭാവം നിഴലിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫീസിൽ നിന്ന് നീക്കം ചെയ്യാനെങ്കിലും അവർ തയ്യാറാവണം. അടുത്ത ഒരു തലമുറയിൽ പെട്ട അനുഭാവികളെയെങ്കിലും ജനാധിപത്യത്തിന്റെ വഴിയേ ഇരട്ടത്താപ്പുകൾ ഇല്ലാതെ സഞ്ചരിക്കാൻ അത് പ്രേരിപ്പിക്കട്ടെ!!

Full View

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News