'സിപിഎം മലപ്പുറത്തെക്കുറിച്ച് മോശം ക്യാമ്പയിൻ നടത്തുന്നു'; നേതാക്കളുടെ പ്രസ്താവനകൾ എണ്ണിപ്പറഞ്ഞ് വി.ഡി സതീശൻ
മലപ്പുറത്തെക്കുറിച്ച് ഏറ്റവുമധികം വർഗീയ പ്രസ്താവനകൾ നടത്തിയ എ. വിജയരാഘവന് തന്നെ നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ചുമതല നൽകിയത് മനപ്പൂർവമാണെന്ന് സതീശൻ ആരോപിച്ചു.
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാക്കളുടെ മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമർശങ്ങൾ ആയുധമാക്കി യുഡിഎഫ്. സിപിഎം നേതാക്കൾ മുൻകാലങ്ങളിൽ നടത്തിയ പ്രസ്താവനകൾ വാർത്താസമ്മേളനത്തിൽ എണ്ണപ്പറഞ്ഞായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം.
മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചിട്ടാണ് ജയിക്കുന്നത് എന്നാണ് വി.എസ് അച്യുതാനന്ദൻ പറഞ്ഞത്. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയതയെന്ന് കടകംപള്ളി സുരേന്ദ്രൻ 2017-ൽ പറഞ്ഞു. ദേശീയപാത സർവേക്കെതിരെ മലപ്പുറത്ത് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നാണ് എ. വിജയരാഘവൻ പറഞ്ഞത്. മറ്റുള്ള സ്ഥലങ്ങളിലെല്ലാം ഹൈവേക്കെതിരെ സമരം ചെയ്തത് മിതവാദികളായിരുന്നു, മലപ്പുറത്ത് എത്തിയപ്പോൾ അത് തീവ്രവാദികളായി മാറിയെന്നും സതീശൻ പറഞ്ഞു.
ആലപ്പാട് ഖനന വിരുദ്ധ സമരത്തിന് പിന്നിൽ മലപ്പുറത്തുകാരാണ് എന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. മതത്തിന്റെ പേരിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന മുസ്‌ലിം ലീഗിന്റെ പ്രവർത്തനം സുപ്രിംകോടതി പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്ത് ദേശീയപാത വിരുദ്ധ സമരത്തിൽ അക്രമം നടത്തിയത് രാജ്യദ്രോഹികളെന്നും പാണക്കാട് തങ്ങൾ യോഗി ആദിത്യനാഥിനെപ്പോലെയാണെന്നും കോടിയേരി ആരോപിച്ചിരുന്നു എന്നും സതീശൻ പറഞ്ഞു.
ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയെന്നാണ് വിജരാഘവൻ മലപ്പുറത്ത് പറഞ്ഞത്. മതമൗലികവാദ ചേരിലാണ് മുസ്‌ലിം ലീഗ്, മുന്നാക്ക സംവരണത്തെ എതിർത്തതിലൂടെ ലീഗ് ശ്രമിച്ചത് ധ്രുവീകരണത്തിനാണെന്നും വിജയരാഘവൻ ആരോപിച്ചിരുന്നു. സാദിഖലി തങ്ങളുടേത് സാകിർ നായികിന്റെ നിലപാട്, പാലത്തായിയിൽ തീവ്രവാദ സംഘടനകൾ നുണ പ്രചരിപ്പിക്കുന്നു, ദേശീയപാത വികസനം തടസ്സപ്പെടുത്തിയത് തീവ്രവാദികൾ, ദേശീയപാത സർവേക്ക് എതിരായി മലപ്പുറത്ത് സമരം ചെയ്യുന്നത് തീവ്രവാദികൾ, കോൺഗ്രസ് നേതാവ് എം.ഐ ഷാനവാസ് മുസ്‌ലിം തീവ്രവാദിയാണ് തുടങ്ങിയ പ്രസ്താവനകളും വിജയരാഘവൻ നടത്തിയിരുന്നു.
സിഎഎ വിരുദ്ധ സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറി, കേരള മുഖ്യമന്ത്രി ഇത് സ്ഥിരീകരിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മലപ്പുറത്തെ കുറിച്ച് ഇത്ര മോശമായ ക്യാമ്പയിൻ ഒരുപാട് വർഷമായി തുടങ്ങിയിട്ട്. ഇതിന് പിന്നിൽ സിപിഎമ്മാണ്. ഇത്രയും സൗഹാർദത്തോടെ ആളുകൾ ജീവിക്കുന്ന ഒരു ജില്ലയെ കുറിച്ചാണ് സിപിഎം വർഗീയ പ്രചാരണം നടത്തുന്നത്. മലപ്പുറത്തിനെതിരെ ഇത്രയധികം വർഗീയ പ്രചാരണങ്ങൾ നടത്തിയ എ. വിജയരാഘവന് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ചുമതല നൽകിയത് മനപ്പൂർവമാണ്. ഇതിന് നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു.