ചൊവ്വന്നൂർ പഞ്ചായത്തിലെ എസ്ഡിപിഐ പിന്തുണ; ഡിസിസി അംഗത്തിന് നോട്ടീസ്
മുൻധാരണ പ്രകാരമാണ് കോൺഗ്രസിനെ പിന്തുണച്ചതെന്ന് എസ്ഡിപിഐ
തൃശൂർ/കോഴിക്കോട്: ചൊവ്വന്നൂരിലെ കോൺഗ്രസ് എസ്ഡിപിഐ സഖ്യത്തിൽ ഡിസിസി അംഗം വർഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റാണ് നോട്ടീസ് നൽകിയത്. രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. അതെ സമയം മുൻ ധാരണ പ്രകാരമാണ് എസ്ഡിപിഐ കോൺഗ്രസിന്പിന്തുണ നൽകിയതെന്ന് സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് വ്യക്തമാക്കി .
എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് ചൊവ്വന്നൂർ പഞ്ചായത്തിൽ അധികാരത്തിലെത്തിയിരുന്നു. ഈ സംഭവത്തിലാണ് ഡിസിസി നേതൃത്വം ഡിസിസി അംഗത്തിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ വർഗീസിനെതിരെയും നടപടി സ്വീകരിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
തൃശ്ശൂർ ചൊവ്വന്നൂരിലും തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലും മുൻധാരണ പ്രകാരമാണ് കോൺഗ്രസിന് പിന്തുണ നൽകിയതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് സി.പി.എ ലത്തീഫ് പറഞ്ഞു. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ഉള്ള സമീപനമാണ് എസ്ഡിപിഐ സ്വീകരിച്ചത്. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം വരെ തരാമെന്ന് പറഞ്ഞ് ധാരണയിൽ എത്തിയിരുന്നു വെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ഡിപിഐ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിൽ എത്തിയതിന് പിന്നാലെ പ്രസിഡൻ്റായ നിതീഷിനോടും വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ട സെബേറ്റ വർഗീസിനോടും രാജി വെക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. ശേഷം ഇരുവരെയും പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.