ഒമ്പതാം ദിവസവും കാണാമറയത്ത്; രാഹുല്‍ കീഴടങ്ങും മുമ്പ് പിടികൂടാന്‍ പൊലീസ്
രാഹുലിന് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലെ പരാതിക്കാരിയിൽ നിന്ന് വൈകാതെ മൊഴിയെടുക്കും
തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. രാഹുൽ ഹൈക്കോടതിയിൽ ജാമ്യ അപേക്ഷ സമർപ്പിക്കുകയോ ഏതെങ്കിലും കോടതിയിൽ കീഴടങ്ങിയോ ചെയ്യുന്നതിന് മുമ്പ് പിടികൂടാനാണ് പൊലീസിന്റെ ശ്രമം.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞ 9 ദിവസങ്ങളായി രാഹുൽ ഒളിവിൽ കഴിയുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിൽ ഉണ്ടെന്നാണ് വിവരം. രാഹുലിന് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലെ പരാതിക്കാരിയിൽ നിന്ന് വൈകാതെ മൊഴിയെടുക്കും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ഫെനി നൈനാനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഫെനിയാണ് രാഹുലിന്റെ അടുത്ത് എത്തിച്ചതെന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിക്ക് നേരെ ഉണ്ടായ സൈബർ അതിക്രമ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും രാഹുൽ നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ അടക്കം രാഹുൽ ഈശ്വറിന്റെ ഇടപെടൽ ഉണ്ടാകും എന്നാകും പ്രോസിക്യൂഷൻ വാദിക്കുന്നത്.
കേസിൽ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.അതിജീവിതയുടെ വിവാഹഫോട്ടോ ഫേസ്ബുക്കിൽ പങ്കു വയ്ക്കുക മാത്രമാണ് ചെയ്തത് എന്നും അത് പ്രചരിപ്പിച്ചതിൽ പങ്കില്ല എന്നുമാകും സന്ദീപിന്റെ വാദം. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി രാഹുലിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. കസ്റ്റഡിയിലിരിക്കെ രാഹുലിന്റെ വീട്ടിലും ടെക്നോപാർക്കിലെ ഓഫീസിലും പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം അറസ്റ്റിൽ പ്രതിഷേധിച്ച് രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരത്തിലാണ്.