മലബാർ ജില്ലകളിലെ സീറ്റ് പ്രതിസന്ധി; സ്ഥിരം ബാച്ചുകൾ മാത്രമാണ് പരിഹാരം -ഫ്രറ്റേണിറ്റി

കാർത്തികേയൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കണം

Update: 2025-05-11 07:37 GMT

Photo|Special Arrangement

കോഴിക്കോട്: പത്താം ക്ലാസിന് ശേഷം വിദ്യാർത്ഥികൾക്ക് പഠിക്കാൻ മലബാർ ജില്ലകളിൽ ഇത്തവണയും അവസരങ്ങൾ കുറവാണെന്നും സ്ഥിരം പല്ലവി പോലെ പ്ലസ് വൺ സീറ്റിൽ അനുപാതിക വർധനവ് നടത്തിയതിലൂടെ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പ്രസ്താവിച്ചു.

പ്രതിഷേധങ്ങളെ അടക്കിയിരുത്താനാണ് സർക്കാർ ആദ്യമേ 30% അനുപാതിക സീറ്റ് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഇതുകൊണ്ട് വിദ്യാർത്ഥികളുടെ കണ്ണിൽപൊടിയിടാൻ സാധിക്കില്ല. പ്ലസ് വൺ, വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്നിക്ക് തുടങ്ങീ മുഴുവൻ ഉപരിപഠന സാധ്യതകൾ പരിഗണിച്ചാലും മലബാർ ജില്ലകളിൽ അര ലക്ഷത്തിലധികം വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കേണ്ട സ്ഥിതിയാണ്.

Advertising
Advertising

മലപ്പുറം ജില്ലയിൽ മാത്രം 26,402 കുട്ടികൾക്ക് സീറ്റില്ല. പാലക്കാട് 10,986ഉം കോഴിക്കോട് 8643ഉം സീറ്റുകളുടെ കുറവുണ്ട്. തൃശൂര് 1451 സീറ്റിൻ്റെ കുറവും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യഥാക്രമം 1878, 5735, 3476 സീറ്റുകളുടെ അപര്യാപ്തതയുമുണ്ട്. ഇതിന് പരിഹാരമായി സർക്കാർ പറയുന്ന അനുപാതിക സീറ്റ് വർധനവ് നടപ്പിലാക്കിയാൽപ്പോലും മലപ്പുറത്ത് 12,017 സീറ്റുകളുടെയും പാലക്കാട് 3541 സീറ്റുകളുടെയും കുറവുണ്ടാകും.

ഒരു ക്ലാസിൽ 65 വിദ്യാർത്ഥികളെ വരെ കുത്തിക്കയറ്റിയാണ് 30% ആനുപാതിക പ്ലസ് വൺ സീറ്റ് വർധനവ് നടപ്പാക്കുന്നത്. എന്നാൽ, സർക്കാർ നിശ്ചയിച്ച സമിതികൾ തന്നെ നിർദേശിച്ചത് പ്രകാരം 50 വിദ്യാർത്ഥികളാണ് ഒരു ബാച്ചിൽ ഉണ്ടാകേണ്ടത്. ഇത് അട്ടിമറിക്കപ്പെടുന്നതോടെ വിദ്യാർത്ഥി-അധ്യാപക അനുപാതം പാളുകയും വിദ്യാഭ്യാസ ഗുണനിലവാരം കുറയുകയും ചെയ്യും. അതേസമയം, തെക്കൻ ജില്ലകളിൽ പല ബാച്ചുകളും വളരെ കുറഞ്ഞ വിദ്യാർത്ഥികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. അവിടങ്ങളിൽ അവസാന വിദ്യാർത്ഥി പ്രവേശനം നേടിക്കഴിഞ്ഞിട്ടും നീറ്റുകൾ ഒഴിഞ്ഞുകിടക്കാറുണ്ട്. മലബാർ ജില്ലകളോടുള്ള നീതി നിഷേധമാണ് ഇതെല്ലാം.

തൃശൂർ മുതൽ കാസർകോട് വരെയുള്ള 58,571 വിദ്യാർത്ഥികൾക്ക് സീറ്റില്ലാത്ത സ്ഥിതി പരിഹരിക്കാൻ 1171 സ്ഥിരം പ്ലസ് വൺ ബാച്ചുകൾ സർക്കാർ അനുവദിക്കണമെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും. ആദ്യഘട്ടമെന്നോണം ജില്ലകളിൽ കലക്ടറേറ്റ് മാർച്ച് നടത്തി. പ്ലസ് വൺ പ്രവേശന പ്രകിയകൾ ആരംഭിക്കുന്നതിന് മുമ്പ് പ്രശ്നപരിഹാരമുണ്ടാകുന്നില്ലെങ്കിൽ തെരുവിൽ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റിയുണ്ടാകും. ഹയർസെക്കൻഡറി സീറ്റ് പ്രതിസന്ധിയെക്കുറിച്ച് പഠിച്ച് സർക്കാറിന് സമർപ്പിച്ച കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിൽവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News