കണ്ണൂർ മുസ്‌ലിം ലീഗിൽ വിഭാഗീയത; തളിപ്പറമ്പിൽ സമാന്തര മുൻസിപ്പൽ കമ്മിറ്റി രൂപീകരിച്ച് ഒരു വിഭാഗം

വിഭാഗീയത കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ട കമ്മിറ്റി പുനസ്ഥാപിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.

Update: 2021-09-21 08:12 GMT

കണ്ണൂര്‍ ജില്ലയില്‍ മുസ്‌ലിം  ലീഗിനുളളില്‍ വിഭാഗീയത രൂക്ഷമാകുന്നു. തളിപ്പറമ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന വിഭാഗം സമാന്തര മുന്‍സിപ്പല്‍ കമ്മിറ്റി രൂപീകരിച്ചു. വിഭാഗീയത കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ട കമ്മിറ്റി പുനസ്ഥാപിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്നങ്ങള്‍ക്ക് കാരണം ജില്ലാ പ്രസിഡണ്ടിന്‍റെ നടപടികളാണെന്നാണ് വിമത വിഭാഗം വ്യക്തമാക്കുന്നത്.

ജില്ലയിലെ ലീഗിന്‍റെ ശക്തി കേന്ദ്രങ്ങളിലൊന്നായ തളിപ്പറമ്പില്‍ ഏറെ കാലമായി നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയത്.കെ.എം ഷാജിയെ അനുകൂലിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ സുബൈര്‍, കുഞ്ഞാലിക്കുട്ടി വിഭാഗത്തില്‍ പെട്ട ജില്ലാ കമ്മറ്റി അംഗം അളളാം കുളം മുഹമ്മദ് വിഭാഗങ്ങള്‍ തമ്മിലാണ് വിഭാഗീയത നിലനില്‍ക്കുന്നത്. 

Advertising
Advertising

പി.കെ സുബൈര്‍ നേതൃത്വം നല്‍കുന്ന മുന്‍സിപ്പല്‍ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ച് വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഇരച്ച് കയറുകയും സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി അടക്കമുളള നേതാക്കളെ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയയും ചെയ്തു.

ഇതേതുടര്‍ന്ന് മുന്‍സിപ്പല്‍ കമ്മിറ്റി പിരിച്ച് വിട്ട നടപടി ജില്ലാ നേതൃത്വം റദ്ദ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുഹമ്മദ് അള്ളാം കുളത്തെ പിന്തുണക്കുന്ന വിഭാഗം സമാന്തര മുന്‍സിപ്പല്‍ കമ്മറ്റി രൂപീകരിച്ച് രംഗത്തെത്തിയത്. ഇതിനൊപ്പം വനിതാ ലീഗിനും യൂത്ത് ലീഗിനും വിമത വിഭാഗം സമാന്തര കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News