സീതത്തോട് ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി

Update: 2021-09-26 01:49 GMT
Editor : Dibin Gopan | By : Web Desk

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ സിപിഐഎം വിശദീകരണം പൊളിയുന്നു. ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും സിപിഎം നേതാക്കളുടെയും പങ്കിന്റെ തെളിവുകള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

സീതത്തോട് ബാങ്ക് ക്രമക്കേടില്‍ മുന്‍ സെക്രട്ടറി കെ യു ജോസിന് മാത്രമാണ് പങ്കുള്ളതെന്ന സിപിഎം വാദത്തെ തള്ളിയാണ് കോണ്‍ഗ്രസ് പുതിയ തെളിവുകള്‍ പുറത്ത് വിട്ടത്. ജില്ലാ സഹകരണ ബാങ്കിന്റെയും സഹകരണ വകുപ്പ് ഇന്‍സ്‌പെക്ഷന് സെല്ലിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് പ്രസിഡന്റ് ടി എ നിവാസ്,സിപിഎം ഏരിയാ കമ്മറ്റിയംഗം പി ആര്‍ പ്രമോദ്, സി.ഐ.ടി.യു നേതാവ് കെ സുഭാഷ് തുടങ്ങിയവര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ട്. ബാങ്കിനെ മുന്‍ നിര്‍ത്തി നടത്തിയ പണമിടപാടുകളിലൂടെ ജോസിനൊപ്പം ഇവരും തട്ടിപ്പ് നടത്തിയെന്നും എം.എല്‍.എ കെ യു ജെനീഷ് കുമാറിന്റെ അറിവോടെയാണ് ഇത് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

Advertising
Advertising

2013- 18 കാലയളവിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് 2019ല്‍ പ്രാദേശിക നേതാക്കളുടെയും ബാങ്ക് ഭരണ സമിതിയുടെയും പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും ഇത് സിപിഎം നേതൃത്വം മനപ്പൂര്‍വ്വം മറച്ച് വെച്ചു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടും തട്ടിപ്പ് പുറത്തായതോടെയാണ് ജോസിനെ മാത്രം കുറ്റക്കാരനാക്കി സിപിഎം നടപടി സ്വീകരിച്ചത്. തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത് കെ യു ജെനീഷ് കുമാര്‍ എം.എല്‍.എ ആണന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍, വരും ദിവസങ്ങളില്‍ അദ്ദേഹത്തിനെതിരായ തെളിവുകളും പുറത്ത് വിടുമെന്നും പറഞ്ഞു. അതേസമയം, കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പറയുന്ന സിപിഎം നിലപാടില്‍ വിശ്വാസമില്ലെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം കൂടുതല്‍ ശക്തമാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News