വിവാദങ്ങൾക്കിടെ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 21ന് സമാപിക്കും

Update: 2025-02-18 01:33 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. പ്രതിനിധി സമ്മേളനം ക്യൂബൻ അംബാസിഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേരയും പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. സമീപകാലത്ത് ഉയർന്ന നിരവധി വിവാദ വിഷയങ്ങൾ സമ്മേളനത്തിൽ ഉയർന്നുവന്നെക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 21ന് സമാപിക്കും.

സ്വകാര്യ സർവകലാശാല ബിൽ മുതൽ റാഗിംഗ് ആരോപണം വരെ ഒരുപിടി വിഷയങ്ങൾക്കിടെ ആണ് തലസ്ഥാനത്ത് എസ്എഫ്ഐയുടെ 35-ാം സംസ്ഥാന സമ്മേളനം ചേരുന്നത്. വിവിധ ജില്ലകളിലെ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്ന് കൊടിമര പതാക ദീപശിഖാ ജാഥകൾ ഇന്ന് വൈകുന്നേരം സമ്മേളനനഗരിയിൽ എത്തും. നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Advertising
Advertising

എകെജി സെൻട്രൽ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 14 ജില്ലകളിൽ നിന്നായി 503 പ്രതിനിധികളും, 71 സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ലക്ഷദ്വീപിൽ നിന്നും മൂന്ന് പ്രതിനിധികളുണ്ട്. സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേൽ പല വിഷയങ്ങളും ചർച്ചയായി ഉയർന്നുവരാൻ സാധ്യതയുണ്ട്. സ്വകാര്യ സർവകലാശാല ബില്ലിലെ എസ്എഫ്ഐ നിലപാട് പ്രധാന വിഷയമായേക്കും. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പും തുടർസമരങ്ങളും, ഡി-സോൺ കലോത്സവത്തിലെ സംഘർഷം, തെരഞ്ഞെടുപ്പുകളിലെ നേട്ടവും കോട്ടവും തുടങ്ങി പലവിധ വിഷയങ്ങൾ പൊതുചർച്ചയിൽ ഉയരാൻ സാധ്യതയുണ്ട്.

ചർച്ചയിൻമേലുള്ള മറുപടിക്ക് ശേഷം പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. രണ്ട് ടേം പൂർത്തിയാക്കിയ നിലവിലെ സെക്രട്ടറി ആർഷോയും പ്രസിഡൻ്റ് അനുശ്രീയും സ്ഥാനമൊഴിയും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News