സംഘർഷങ്ങൾക്ക് കാരണം തെരഞ്ഞെടുപ്പിൽ കള്ളവോട്ടു ചെയ്യാനാകാത്തത്; എഐഎസ്എഫിനെതിരെ എസ്എഫ്‌ഐ

അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിൻ്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം

Update: 2021-10-22 11:51 GMT
Editor : abs | By : Web Desk
Advertising

എംജി സർവകലാശാലയിലുണ്ടായ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിൽ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പിൽ ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണമെന്ന് സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ്, പ്രസിഡണ്ട് വി.എ വിനീഷ് എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റുകയാണ് എഐഎസ്എഫ് എന്നും പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണരൂപം

എ.ഐ.എസ്.എഫ് വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണം: എസ്.എഫ്.ഐ

എം.ജി സർവ്വകലാശാല സെനറ്റ് - സ്റ്റുഡൻ്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യ്ക്ക് വിദ്യാർത്ഥികൾ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ വിദ്യാർത്ഥികൾ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ്.എഫ്.ഐ വിരുദ്ധ പ്രചരണങ്ങൾ നടത്തി തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം മുതൽ തീർത്തും അനഭിലഷണിയ പ്രവണതകളാണ് എ.ഐ.എസ്.എഫിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എ.ഐ.എസ്.എഫ്, സ്റ്റുഡൻ്റ് കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താഞ്ഞത് കെ.എസ്.യു - എ.ഐ.എസ്.എഫ് - എം.എസ്.എഫ് സഖ്യത്തിൻ്റെ ഭാഗമാണ്.

എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആദ്യ പ്രിഫറെൻസുകൾ നൽകി വിജയിപ്പിക്കേണ്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ.എസ്.യൂവിന് കഴിയാതെ വരുകയും അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇത് എ.ഐ.എസ്.എഫ് ഉൾപ്പെടുന്ന ആൻ്റി എസ്.എഫ്.ഐ മുന്നണിക്ക് തിരിച്ചടിയായി. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണം. വസ്തുതകൾ ഇതായിരിക്കേ ബോധപൂർവ്വം തെറ്റുധാരണ പരത്തി, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിൻ്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിൻ്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ്, പ്രസിഡൻ് വി.എ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News