ഗാന്ധിനഗർ ഗവൺമെന്റ് നഴ്സിങ് കോളജിലെ ഞെട്ടിക്കുന്ന റാഗിങ് ദൃശ്യങ്ങൾ പുറത്ത്
ഇന്നലെയാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ 6 സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്
കോട്ടയം: ഗാന്ധിനഗർ ഗവൺമെന്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോളജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്നതും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുകയും മുറുവുകളിലും കാലിലും ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് ഡംബൽ വെക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പ്രതികൾ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
ഇന്നലെയാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ 6 സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിന് ഒടുവിൽ പൊറുതിമുട്ടിയ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനതകളില്ലാത്ത പീഡനമാണ് ജൂനിയർ വിദ്യാർഥികൾ നേരിട്ടത്. സാമുവൽ ജോൺസൺ, ജീവ, രാഹുൽ രാജ്, റിജിൽജിത്ത് , വിവേക് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
അതേസമയം, ഗാന്ധിനഗർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച 6 പരാതികളിൽ ഒന്നിൽ മാത്രമാണ് നിലവിൽ പൊലീസ് കേസെടുത്തത്. എന്നാൽ റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ നിലപാടും പൊലീസ് വിശ്വാസത്തിൽ എടുത്തില്ല. കുട്ടികൾ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോൾ ഹോസ്റ്റൽ വാർഡൻ കേട്ടില്ലെന്ന മൊഴിയും അവിശ്വസീയമാണ്. ഇക്കാര്യങ്ങൾ പൊലീസ് പരിശോധിക്കും.