ആരാധനാലയങ്ങൾ തുറക്കണം; ലീഗ് പ്രതിഷേധത്തിലേക്ക്

വെള്ളിയാഴ്ച മുസ്ലിംലീഗ് പ്രതിഷേധ ദിനം

Update: 2021-06-16 16:26 GMT
Editor : abs | By : Web Desk
Advertising

മലപ്പുറം: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുയർത്തി വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രാദേശികമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തങ്ങൾ ആഹ്വാനം ചെയ്തു. ലോക് ഡൗൺ ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളെ മാത്രം ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. മാർക്കറ്റുകളും ബീവറേജുകളുമെല്ലാം തുറക്കാൻ അനുമതി നൽകിയ സർക്കാർ ആരാധനാലയങ്ങളോട് വിവേചനം കാണിച്ചത് ശരിയായില്ല.- ഹൈദരലി തങ്ങൾ പറഞ്ഞു.

കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യഘട്ടം മുതൽ സർക്കാർ നിയന്ത്രണങ്ങളോട് സഹകരിച്ചവരാണ് കേരളത്തിലെ വിശ്വാസി സമൂഹം. ഇനിയും സഹകരിക്കാൻ തയ്യാറുമാണ്. എന്നാൽ എല്ലാം തുറന്നിട്ട് കൊടുക്കുകയും പള്ളികളും അമ്പലങ്ങളും ചർച്ചകളും മാത്രം അടച്ചിടുകയും ചെയ്യുന്നത് വിവേചനമാണ്. -തങ്ങൾ പറഞ്ഞു. അതിതീവ്ര വ്യാപനമുള്ള പ്രദേശങ്ങളെ ഒഴിച്ചുനിർത്തി അല്ലാത്ത പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും വിശ്വാസികളുടെ വികാരം മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. 

നേരത്തെ, ആരാധനാലയങ്ങൾ തുറക്കാൻ കുറച്ചുകൂടി ദിവസങ്ങൾ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. ഇതിനെതിരെ മുസ്‌ലിം സംഘടനകൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News