Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വീട് തകർന്ന് സഹോദരങ്ങളായ കുട്ടികൾ മരിച്ചു. കരുവാര ഊരിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞുവീണാണ് അപകടം. ബന്ധുവായ മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. എഴുവയസുകാരനായ ആദി, നാലു വയസുകാരൻ അജ്നേഷ് എന്നിവരാണ് മരിച്ചത്. മൃതദേഹം കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. കുട്ടികൾ കളിക്കുന്നതിനിടെ വീട് തകർന്ന് വീഴുകയായിരുന്നു. 2016ൽ നിർമാണം നിർത്തിവെച്ചിരുന്നു വീടിന്റെ സൺ ഷെഡാണ് കുട്ടികളുടെ മുകളിൽ വീണത്. കുട്ടികൾ ഈ ഭാഗത്ത് സ്ഥിരമായി കളിക്കാറുള്ളതായി പ്രദേശവാസികൾ പറഞ്ഞു. മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകത്തുള്ള പ്രദേശമാണ് കരുവാര ഊര്.
അപകടം സംഭവിച്ച കുട്ടികളെ ആദ്യം ബൈക്കിലും പിന്നീട് വനം വകുപ്പിന്റെ ജീപ്പിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ കുട്ടി കരുവാരയിലേക്ക് വിരുന്നു വന്ന കുട്ടിയാണ്. സർക്കാർ പദ്ധതി ഉപയോഗിച്ച് നിർമാണം നടത്തുന്ന വീടാണ് അപകടത്തിൽ പെട്ടത്.