സിദ്ദീഖിന്‍റെ കൊലപാതകം നടന്ന ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ; അടച്ചുപൂട്ടാന്‍ നോട്ടീസ്

ഹോട്ടലിന് കോർപറേഷന്‍റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയോ അനുമതി ഇല്ല

Update: 2023-05-30 06:38 GMT

കോഴിക്കോട്: വ്യാപാരി സിദ്ദീഖിന്‍റെ കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ. ഹോട്ടലിന് കോർപറേഷന്‍റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയോ അനുമതി ഇല്ല. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ഹോട്ടലിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കി.

മലിനജലം ഒഴുക്കിയതിനെ തുടർന്ന് നേരത്തെ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. പിന്നീട് അഞ്ച് മാസത്തിനു ശേഷം ഹോട്ടൽ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുകയായിരുന്നു. പുതിയ നടത്തിപ്പുകാര്‍ ഹോട്ടല്‍ ഏറ്റെടുത്താണ് തുറന്നുപ്രവര്‍ത്തിപ്പിച്ചത്.

Advertising
Advertising

ഒളവണ്ണയില്‍ ചിക്ക് ബേക്ക് ഹോട്ടല്‍ നടത്തിയിരുന്ന തിരൂര്‍ സ്വദേശിയായ സിദ്ദീഖിനെ ഡി കാസ ഇന്നില്‍ വെച്ച് കൊലപ്പെടുത്തിയത് അദ്ദേഹത്തിന്‍റെ മുന്‍ ജീവനക്കാരനും പെണ്‍സുഹൃത്തും ചേര്‍ന്നാണ്. ഹോട്ടലില്‍ വെച്ച് കൊലപാതകം നടത്തി മൃതദേഹ കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. സിദ്ദീഖിനെ കാണാനില്ലെന്ന മകന്‍റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഷിബിലി, ഫര്‍ഹാന, ആഷിഖ് എന്നിവരെ അറസ്റ്റ് ചെയ്തു. ഹണിട്രാപ്പിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 

പ്രതികളുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും. മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. കഴിഞ്ഞ ദിവസം തൃശൂർ ചെറുതിരുത്തിയിൽ നടത്തിയ തെളിവ് ശേഖരണത്തിൽ സിദ്ദീഖിന്‍റേതെന്ന് കരുതുന്ന എടിഎം കാർഡ്, ചെക്ക് ബുക്ക്, തോർത്ത് എന്നിവ കണ്ടെത്തിയിരുന്നു. കാർ ഉപേക്ഷിച്ച പറമ്പിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. നേരത്തെ ഷിബിലിയും ഫർഹാനയും ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നാണ് നാട്ടുകാരുടെ മൊഴി. ഇനി സിദ്ദീഖിന്‍റെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ കണ്ടെത്താനുണ്ട്.

ഇതോടൊപ്പം സിദ്ദീഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലും തെളിവ് നശിപ്പിക്കാൻ ഉപയോഗിച്ച വസ്തുക്കൾ വാങ്ങിയ കോഴിക്കോട്ടെ കടകളിലുമാണ് തെളിവ് ശേഖരിക്കാനുള്ളത്. സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളുൾപ്പെടെയുള്ളവ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. പെരിന്തൽമണ്ണക്കടുത്തെ ചീരട്ട മലയിൽ നിന്നാണ് ആയുധങ്ങളും തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും കണ്ടെത്തിയത്. 

ഫർഹാന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റബർ തോട്ടത്തിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് പൊലീസ് നടത്തിയ തെരച്ചിലിൽ സിദ്ദീഖിന്‍റെ തലക്കടിക്കാനുപയോഗിച്ച ചുറ്റികയും ദേഹത്ത് മുറിവേൽപ്പിച്ച കത്തിയും കൊലക്ക് ശേഷം മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും ഹോട്ടൽ മുറിയിലെ രക്തക്കറ കളയാൻ ഉപയോഗിച്ച തുണികളും ഡീ കാസ ഹോട്ടലിന്‍റെ മുദ്രയുള്ള തലയണക്കവറും കണ്ടെടുത്തിരുന്നു. 5 ദിവസത്തക്കാണ് ഇന്നലെ ഷിബിലിയെയും ഫർഹാനയെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത് .


Full View



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News