'കേരളത്തിലെ മുഖ്യമന്ത്രി ആകാശവാണിക്ക് സമാനം'; പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

മടിയിൽ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു

Update: 2023-05-02 10:59 GMT

തിരുവനന്തപുരം: എ.ഐ കാമറയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിൽ മന്ത്രിമാർക്ക് ഉത്തരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഊരാളുങ്കൽ, എസ്.ആർ.ഐ.ടി,അശോക് ബിൽകോൺ എന്നീ കമ്പനികളുടെ ഉപകരാറുകൾ കൊടുക്കുന്നത് പ്രസാദിയോക്കാണെന്നും എല്ലാത്തിന്‍റെയും കമ്മീഷനും ലാഭവും പോകുന്നത് ഒരു പെട്ടിയിലേക്കാണെന്നും സതീശൻ ആരോപിച്ചു.

പ്രസാദിയോ കമ്പനിക്ക് ഭരണപക്ഷവുമായുള്ള ബന്ധമെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്തു നടന്ന കൊള്ള രേഖകൾ ഹാജരാക്കിയാണ് ആരോപണം ഉന്നയിച്ചതെന്നും പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആകാശവാണിക്ക് സമാനമാണെന്നും എ.ഐ കാമറ അഴിമതിയിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പ്രസാദിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

'മുഖ്യമന്ത്രിക്ക് ആരാണ് പ്രതിപക്ഷനേതാവെന്ന സംശയമുണ്ടെങ്കിൽ മാറ്റിക്കൊടുക്കാം, എല്ലാ അഴിമതി ആരോപണങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിക്കണം എന്നില്ല. താനുമായി ആലോചിച്ചാണ് രമേശ് ചെന്നിത്തല ആരോപണങ്ങൾ ഉന്നയിക്കുന്നത്. തന്‍റേടമുണ്ടെങ്കിൽ മറുപടി പറയണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മടിയിൽ കനമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്' എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

മൂന്നു കമ്പനികളുടെ കൺസോർഷ്യം രൂപീകരിക്കുമ്പോൾ വിദേശി വ്യവസായി പങ്കെടുത്തോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എല്ലാ ടെൻഡർ നിബന്ധനകളും ലംഘിച്ചെന്നും ഉപകരാർ കൊടുത്ത മൂന്ന് കമ്പനികളും കറക്കു കമ്പനികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ ഫോണിൽ നടന്നത് എ.ഐ കാമറ പദ്ധതിയിലുള്ളതിനേക്കാൾ വലിയ അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News