'സർവകലാശാല കലാപശാലയാക്കരുത്, നിലവാരത്തെ തകർക്കാൻ മാത്രമെ ഉപകരിക്കൂ': കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി

''ആരോഗ്യരംഗം പാടെ തകർത്ത് ഒരു ജീവൻ നഷ്ടപ്പെടുത്തിയ ഗവൺമെന്റിലേക്കുള്ള ജനശ്രദ്ധ തിരിക്കാൻ, എസ്.എഫ്.ഐയെക്കൊണ്ട് സമരമെന്ന പേരിൽ സർവകലാശാല ആസ്ഥാനത്ത് കാട്ടിക്കൂട്ടുന്ന ചെയ്തികൾ അൽപത്തരമാണെന്ന് നേതൃത്വം മനസ്സിലാക്കണം''

Update: 2025-07-08 14:32 GMT
Editor : rishad | By : Web Desk

കോട്ടയം: കേരള സർവകലാശാലയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അധികാര വടം വലി സർവകലാശാലയുടെ നിലവാരത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും സെനറ്റ് അംഗവുമായ സിംജോ സാമുവൽ സഖറിയ.

വൈസ് ചാൻസിലറും, രജിസ്ട്രാറും , ജോയിന്റ് രജിസ്ട്രാറുമാരുമൊക്കെ വില്ലന്മാരാവുന്ന സീൻ ക്ലൈമാക്സിലേക്കെത്തുമ്പോൾ നിസ്സഹായരായ വിദ്യാർഥികൾ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. തീർപ്പ് കല്പിക്കേണ്ട ഫയലുകൾ ചുവപ്പു നാടയിൽ കുരുങ്ങി കിടക്കുമ്പോൾ അക്കാദമിക മേഖലയിലാകെ അനിശ്ചിതത്വം സൃഷ്ടിക്കപ്പെടുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സിംജോ പറയുന്നു.

Advertising
Advertising

''യൂണിവേഴ്സിറ്റികളെ കാവിവത്കരിക്കുന്ന നിലപാടുമായി മുന്നോട്ട് പോവുന്ന ഗവർണർക്ക് പരവതാനി വിരിയ്ക്കുന്ന സാഹചര്യം യാതൊരു കാരണവശാലും അനുവദിച്ചു കൂടാ. അതേസമയം, പിൻവാതിൽ നിയമനങ്ങളും, സ്വജനപക്ഷപാതവും ഇടത്പക്ഷവൽക്കരണവും നടത്തുന്ന അപകടകരമായ രാഷ്ട്രീയത്തെയും ഒഴിവാക്കേണ്ടതുണ്ട്.

കേരളത്തിലെ ആരോഗ്യരംഗം പാടെ തകർത്ത്‌ കളഞ്ഞ് ഒരു ജീവൻ നഷ്ടപ്പെടുത്തിയ ഗവൺമെന്റിലേക്കുള്ള ജനശ്രദ്ധ തിരിക്കാൻ എസ്‌.എഫ്.ഐയെക്കൊണ്ട് സമരമെന്ന പേരിൽ സർവകലാശാല ആസ്ഥാനത്ത് കാട്ടിക്കൂട്ടുന്ന ചെയ്തികൾ അല്പത്തരമാണെന്ന് നേതൃത്വം മനസ്സിലാക്കണം''- സിംജോ വ്യക്തമാക്കി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കേരളത്തിന്റെ ചരിത്രത്തെ വിദ്യാഭ്യാസ ഔന്നത്യത്തിലേക്ക് കൈപിടിച്ചുയർത്താൻ എണ്ണമറ്റ സംഭാവനകൾ നൽകിയ കേരള സർവകലാശാലയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അധികാര വടം വലി

സർവകലാശാലയുടെ നിലവാരത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്നതിൽ ലവലേശം തർക്കം വേണ്ട. വിവിധ ആവശ്യങ്ങൾക്കായി കടന്നു വരുന്ന വിദ്യാർഥികൾക്ക് സർവകലാശാല ക്യാമ്പസിൽ 250 നും 300 നും ഇടയിലുള്ള പോലീസുകാരുടെ സാന്നിധ്യം സൃഷ്ടിക്കുന്നത് ഒരു മിലിട്ടറി ക്യാമ്പിനു സമാനമായ സാഹചര്യമാണ്.

വൈസ് ചാൻസിലറും, രജിസ്ട്രാറും , ജോയിന്റ് രജിസ്ട്രാറുമാരുമൊക്കെ വില്ലന്മാരാവുന്ന സീൻ ക്ലൈമാക്സിലേക്കെത്തുമ്പോൾ നിസ്സഹായരായ വിദ്യാർഥികൾ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. തീർപ്പ് കല്പിക്കേണ്ട ഫയലുകൾ ചുവപ്പു നാടയിൽ കുരുങ്ങി കിടക്കുമ്പോൾ അക്കാദമിക മേഖലയിലാകെ അനിശ്ചിതത്വം സൃഷ്ടിക്കപ്പെടുന്നു.

യൂണിവേഴ്സിറ്റികളെ കാവിവത്കരിക്കുന്ന നിലപാടുമായി മുന്നോട്ട് പോവുന്ന ഗവർണർക്ക് പരവതാനി വിരിയ്ക്കുന്ന സാഹചര്യം യാതൊരു കാരണവശാലും അനുവദിച്ചു കൂടാ. അതേ സമയം, പിൻവാതിൽ നിയമനങ്ങളും, സ്വജനപക്ഷപാതവും ഇടത്പക്ഷവൽക്കരണവും നടത്തുന്ന അപകടകരമായ രാഷ്ട്രീയത്തെയും ഒഴിവാക്കേണ്ടതുണ്ട്.

നമ്മുടെ വിദ്യാർത്ഥികൾ എന്തെങ്കിലും ഒരു വഴി കിട്ടിയാൽ പുറത്തേക്ക് പോകാനായി ട്രാക്കിൽ വിസിലടി കിട്ടിയാൽ ഓടാനായി കാത്തിരിക്കുകയാണ്. ആര് വലിയവൻ എന്ന ഈഗോ ക്ലാഷിനെക്കാൾ പ്രാധാന്യം നൽകേണ്ടത് വിദ്യാർഥികൾക്കാണ്. കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ സർവകലാശാലയെ ദയവ് ചെയ്ത്‌ കൊല്ലരുതേ എന്ന അപേക്ഷയാണുള്ളത്.

തീവ്രത അളക്കാനും, ആൾക്കൂട്ട വിചാരണ നടത്താനും, സർട്ടിഫിക്കേറ്റ് വെരിഫിക്കേഷനുമൊക്കെയായി പ്രത്യേക കമ്മീഷനുകളെ നിയോഗിക്കാൻ പാർട്ടി കൈക്കൊണ്ട കഷ്ടപ്പാടുകൾ നന്നായി അറിയാം. അതിന് സമാനമായി, ചില പണി പോയ മുൻ എം. എൽ. എ മാർക്ക് കോടതികൾക്ക് മേൽ കടന്ന് കയറാനുള്ള അധികാരം കൂടെ ചാർത്തി കൊടുത്ത്‌ സ്വയം ന്യാധിപന്മാരായി അവരോധിക്കാൻ സാഹചര്യമൊരുക്കുമ്പോൾ കളങ്കമേൽക്കുന്നത് സർവകലാശാലയുടെ പവിത്രതയ്ക്ക് കൂടിയാണ്.

കേരളത്തിലെ ആരോഗ്യരംഗം പാടെ തകർത്ത്‌ കളഞ്ഞ് ഒരു ജീവൻ നഷ്ടപ്പെടുത്തിയ ഗവൺമെന്റിലേക്കുള്ള ജനശ്രദ്ധ തിരിക്കാൻ എസ്‌. എഫ്. ഐ യെക്കൊണ്ട് സമരമെന്ന പേരിൽ സർവകലാശാല ആസ്ഥാനത്ത് കാട്ടിക്കൂട്ടുന്ന ചെയ്തികൾ അല്പത്തരമാണെന്ന് നേതൃത്വം മനസ്സിലാക്കണം.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News