എസ്‌ഐആർ; ഓരോ ബൂത്തുകളിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു
തക്കതായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷിച്ചാൽ വോട്ടർമാർക്ക് വീണ്ടും വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനാകും
തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. 25 ലക്ഷത്തിലധികം പേരുടെ വിവരങ്ങളാണ് പട്ടികയിലുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ ബൂത്ത് തിരിച്ച് പട്ടിക ലഭ്യമാകും. പൊതുജനങ്ങൾക്ക് നേരിട്ട് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
ഡിസംബർ 18 വരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റലൈസേഷൻ നാളെ വരെയുള്ളതിനാൽ ഇതിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ കൂടുതൽ പേരുകൾ ഉൾപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പറയുന്നു. ഓരോ ബൂത്ത് തലത്തിലും മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ തുടങ്ങിയവരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്.
തക്കതായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷിച്ചാൽ വോട്ടർമാർക്ക് വീണ്ടും വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനാകും.