Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. ഉന്നതരുടെ പങ്കിനെകുറിച്ച് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ എൻ.വിജയകുമാറിനെയും എൻ.ശങ്കരദാസിനെയും വൈകാതെ ചോദ്യംചെയ്യും.
ഇരുവരുടെയും പങ്കിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. ഇരുവർക്കും എല്ലാം അറിയാമായിരുന്നുവെന്ന് കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.
വിജയകുമാറിനെയും ശങ്കരദാസിനെയും കേസിൽ പ്രതി ചേർക്കാത്തത് എന്തുകൊണ്ടെന്നാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണത്തിൻ്റെ മെല്ലെപ്പോക്കിനെയും കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല എന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
പത്മകുമാറിന്റെ അറസ്റ്റിന് ശേഷം തുടർനടപടികളുണ്ടായില്ല. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന വിജയകുമാറിനെയും ശങ്കർദാസിനെയും പ്രതി ചേർക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
ട്രസ്റ്റ് അംഗങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല എന്ന നിലപാടാണ് കോടതി പറഞ്ഞത്. നേരത്തെ ഇവരെ ചോദ്യം ചെയ്തപ്പോൾ പത്മകുമാർ ഒറ്റക്കാണ് എല്ലാ തീരുമാനവും എടുത്തതെന്നും തങ്ങൾക്ക് പങ്കില്ലെന്നുമാണ് ഇവർ പറഞ്ഞത്. കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ എസ്എടി തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അറിയുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്ത സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് മുരളീകൃഷ്ണ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതി എസ്‌ഐടിയോട് വിശദീകരണം തേടും.
സ്വർണക്കൊള്ളയിൽ പങ്കില്ലെന്നാണ് ഗോവര്‍ദ്ധന്റെ വാദം. ഭീഷണിപ്പെടുത്തിയാണ് അന്വേഷണ സംഘം സ്വർണം പിടിച്ചെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ക്രമക്കേട് നടത്തിയത്. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് നിയമവിരുദ്ധമായ അനുമതി നല്‍കി എന്നും പണം നൽകിയാണ് താൻ സ്വർണം വാങ്ങിയത് എന്നും ഗോവർദ്ധൻ ജാമ്യാപേക്ഷയിൽ പറയുന്നു.