'മന്ത്രി അബ്ദുറഹ്മാൻ കോടതി ചമയരുത്'; ഹമീദ് ഫൈസിക്കെതിരായ വിമർശനത്തിൽ പ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ്

വിശ്വാസ,അനുഷ്ഠാന കാര്യങ്ങളെ മതത്തിന്റെ ചിട്ടയോടെ കാത്തുസൂക്ഷിച്ചുകൊണ്ട് സമൂഹത്തിൽ മൈത്രിയും സൗഹൃദവും നിലനിർത്താൻ സാധ്യമാണെന്നും എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Update: 2023-12-27 14:35 GMT
Advertising

മലപ്പുറം: വിശ്വാസപരമായ വിഷയങ്ങളിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചതിന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉൾപ്പടെയുള്ള പണ്ഡിതൻമാരെ ധിക്കാരസ്വരത്തിൽ വിമർശിച്ച് മന്ത്രി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹവും അങ്ങേയറ്റം അപലപനീയവുമാണന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക വിശ്വാസികൾ പുലർത്തേണ്ട ജാഗ്രതയും, മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മതത്തിന്റെ നിലപാടുകളും ഉദ്ബോധിപ്പിക്കുന്ന പണ്ഡിതൻമാരെ വിമർശിക്കുന്ന മന്ത്രിയുടെ നടപടി അജ്ഞതയാണ്.

മതവിശ്വാസത്തെ പൂർണമായി ഉൾക്കൊണ്ടും അനുഷ്ഠിച്ചുമാണ് സമുദായം സൗഹാർദവും മൈത്രിയും കാത്തുസൂക്ഷിക്കുന്നത്. വിശ്വാസ,അനുഷ്ഠാന കാര്യങ്ങളെ മതത്തിന്റെ ചിട്ടയോടെ കാത്തുസൂക്ഷിച്ചുകൊണ്ട് സമൂഹത്തിൽ മൈത്രിയും സൗഹൃദവും നിലനിർത്താൻ സാധ്യമാണ്. പണ്ഡിതൻമാരും സമുദായ നേതൃത്വവും എക്കാലത്തും പിന്തുടരുന്നതും സമൂഹത്തെ ബോധവൽക്കരിക്കുന്നതും ഇതേരീതിയാണ്. ഇതേക്കുറിച്ച് പഠിക്കാൻ ശ്രമിക്കാതെ ആരെയെങ്കിലും പ്രീതിപ്പെടുത്താൻ പ്രസ്താവനയിറക്കുന്നത് ബാലിശമാണ്. ന്യൂനപക്ഷ വകുപ്പിന്റെ അധികാരത്തെ ചൂണ്ടിക്കാട്ടി പണ്ഡിതൻമാരെ ജയിലലടക്കാൻ തിട്ടൂരമിറക്കുന്ന മന്ത്രി സ്വയം കോടതി ചമയരുതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

മുസ്‌ലിംകൾ ക്രിസ്മസ് ആഘോഷിക്കരുതെന്ന് പ്രസ്താവനയിറക്കിയ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെ ജയിലിലടയ്ക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. ക്രിസ്ത്യൻ ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് പറയാൻ അയാൾക്ക് എന്താണ് അവകാശമെന്നും മന്ത്രി ചോദിച്ചിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News