'ഈന്തപ്പഴവും ഖുർആനും എത്തിയ പെട്ടികളിൽ ചിലതിന് ഭാരക്കൂടുതൽ'; സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആരോപണങ്ങൾ

ഷാർജ അധികാരിയുടെ ഭാര്യക്ക് വലിയ അളവിൽ സ്വർണ്ണവും ഡയമണ്ടും നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ കമല ശ്രമിച്ചുവെന്നുള്ളതാണ് കുടുംബത്തിനെതിരെ ഉയരുന്ന ഗുരുതര ആരോപണം

Update: 2022-06-16 05:58 GMT
Editor : afsal137 | By : Web Desk
Advertising

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഗുരുതര ആരോപണങ്ങൾ. സ്വപ്‌ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് മീഡയവണിന് ലഭിച്ചു. ഈന്തപ്പഴവും ഖുർആനും എത്തിയപെട്ടികളിൽ ചിലതിന് ഭാരക്കൂടുതലുണ്ടായിരുന്നു. മുൻ മന്ത്രി കെ.ടി ജലീലുമായി താൻ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ ലാപ്‌ടോപ്പിലും ഫോണിലുമുണ്ടെന്നും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എറണാകുളം സെഷൻസ് കോടതിയിലാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

ഷാർജ ഭരണാധികരിയുടെയും മുഖ്യമന്ത്രിയുടെയും ഭാര്യമാർ ഒന്നിച്ച് യാത്ര നടത്തി. ചീഫ് സെക്രട്ടറി നളിനി നെറ്റോയും അവർക്കൊപ്പമുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൊച്ചിയിൽ കാർഗോ എത്തിയപ്പോൾ ക്ലിയർ ചെയ്യാൻ സഹായിച്ചത് എം.ശിവശങ്കരാണെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ക്ലിയറൻസ് സൗകര്യപ്പെടുത്തിയത്. ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് കാണാതായെന്നും സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.

ഷാർജ അധികാരിയുടെ ഭാര്യക്ക് വലിയ അളവിൽ സ്വർണ്ണവും ഡയമണ്ടും നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ കമല ശ്രമിച്ചുവെന്നുള്ളതാണ് കുടുംബത്തിനെതിരെ ഉയരുന്ന ഗുരുതര ആരോപണം. എന്നാൽ അവർക്കത് ഇഷ്ടമാകാൻ സാധ്യതയില്ല എന്ന് പറഞ്ഞ് താൻ അത് തടഞ്ഞു എന്നും സ്വപ്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. മുൻമന്ത്രി കെ.ടി ജലീൽ ചെയ്ത കുറ്റങ്ങൾ താൻ ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന അറിയിച്ചിരുന്നു. ഭക്ഷണ സാധനങ്ങൾ എന്ന പേരിലാണ് കാർഗോ എത്തിയത്. എന്നാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് ഇല്ലാത്തതിനാൽ അത് വിട്ടുകിട്ടുന്നതിൽ പ്രയാസമുണ്ടായിരുന്നു. അത് തടഞ്ഞ് വെക്കുകയും ചെയ്തു. പിന്നാലെയാണ് എം.ശിവശങ്കറിന്റെ ഇടപെടലുണ്ടായത്. ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് എന്തു ചെയ്തു എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നുമാണ് സ്വപ്‌നയുടെ സത്യവാങ്മൂലം.

മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്ന ഇതിൽ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചത്. 2017-ൽ ഷാർജ ഭരണാധികാരി കേരളം സന്ദർശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാർജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഷാർജയിൽ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. എന്നാൽ ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പറയുന്നു. സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News