രവിചന്ദ്രഭക്തി ശ്ലോകം വൈറലാകുന്നു; എഴുത്തുകാരനെതിരെ വ്യക്തിയധിക്ഷേപമെന്ന് പരാതി
രവിചന്ദ്രന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായ ഒരാൾ അദ്ദേഹത്തെ ദൈവമായിസങ്കല്പിച്ചു പ്രാർത്ഥിക്കുന്നതാണു ഹാസ്യരൂപേണ പ്രജേഷ് പണിക്കര്‍ എഴുതിയ ശ്രീരവിചന്ദ്രാഷ്ടകം എന്ന പദ്യത്തിന്റെ വിഷയം
യുക്തിവാദിയും നിരീശ്വരവാദിയുമായ സി രവിചന്ദ്രനെക്കുറിച്ച് കവിതയെഴുതിയ വ്യക്തിക്ക് നേരെ വ്യക്തിയധിക്ഷേപമെന്ന് പരാതി. രവിചന്ദ്രന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായ ഒരാൾ അദ്ദേഹത്തെ ദൈവമായിസങ്കല്പിച്ചു പ്രാർത്ഥിക്കുന്നതാണു ഹാസ്യരൂപേണ പ്രജേഷ് പണിക്കര്‍ എഴുതിയ ശ്രീരവിചന്ദ്രാഷ്ടകം എന്ന പദ്യത്തിന്റെ വിഷയം. അതിനെതിരെയാണ് നിരവധിയാളുകളുകള്‍ അധിക്ഷേപവുമായി രംഗത്ത് വന്നത്.
അതേസമയം കവിതയെ പിന്തുണച്ചും ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്; "മതവിശ്വാസികളെ പരിഹസിക്കുന്നതിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ അവരുടെ 'വികാരം വ്രണ'പ്പെട്ടുവെന്നു പറഞ്ഞു വീണ്ടും പരിഹസിക്കാം. പക്ഷെ യുക്തിവാദികളെയാണു തൊട്ടുകൂടാനാവാത്തത്. മതങ്ങളെയോ മനുഷ്യദൈവങ്ങളെയോ പരിഹസിക്കുന്നത്ര എളുപ്പമല്ല മതവിരോധികളെ, സ്വതന്ത്രചിന്തകരെ, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലരെ, വിമർശിക്കുന്നത് എന്നതാണു സത്യം." രവിചന്ദ്രന്റെ മതവിശ്വാസികള്‍ക്ക് നേരയുള്ള വംശീയ പരാമര്‍ശങ്ങളെ, വലതുപക്ഷവുമായുള്ള അടുപ്പം, ആള്‍ദൈവമാകാനുള്ള ശ്രമം ഒക്കെ കവിതയെ തുടര്‍ന്ന് വീണ്ടും ചര്‍ച്ചയായിട്ടുണ്ട്.
പ്രജേഷ് പണിക്കര്‍ എഴുതിയ കവിത
ശ്രീരവിചന്ദ്രാഷ്ടകം
~
[ശ്രീ രവിചന്ദ്രന്റെ പ്രഭാഷണങ്ങൾ കേട്ടു സ്വതന്ത്രചിന്തകരായി പരിണമിക്കുന്ന മലയാളികൾക്ക് സന്ധ്യാവന്ദനത്തിന്റെ സമയത്ത് ചൊല്ലുവാനായി ഉണ്ടാക്കിയ ലളിതമായ പ്രാർത്ഥനയാണിത്. നിലവിളക്കു കൊളുത്തിയോ കൊളുത്താതെയോ ജപിക്കാം. അങ്ങനെയുള്ള ചിഹ്നങ്ങൾ നിഷ്പ്രയോജനങ്ങളാണെന്നു നമുക്കറിവുള്ളതാണല്ലോ.]
~
നവനാസ്തികലോകമാകെയി-
ന്നവിരാമം പ്രഭചാർത്തുമീശ്വരാ
രവിചന്ദ്ര! ഭവാനു കൂപ്പിടാ-
മിവനിൽ ചിന്ത സ്വതന്ത്രമാവണേ!
അടിയങ്ങളവിദ്യയിൽ വൃഥാ
പടുപാടിങ്ങു പെടുന്ന വേളയിൽ
വടിവൊത്ത ഭവദ്‌പ്രഭാഷണം
സ്ഫുടമാക്കുന്നു ജനത്തിനുൾത്തടം!
അവതാരമെടുത്തു ഭൂമിയിൽ
ശിവനേ! വന്നതു ബുദ്ധദേവനോ?
നവയുക്തി പടുത്ത റസ്സലി-
ന്നിവനിൽക്കൂടിയുരച്ചിടുന്നുവോ?
മല തൻ മകളങ്ങയെച്ചിരം
മലയാളത്തിനു തന്നയച്ചതോ?
നലമോടു സരസ്വതീവരം
ബലവത്താക്കിയ വാഗ്‌വിലാസമോ?
പ്രതിവാദമുയർത്തിയെപ്പൊഴും
മതിമാനങ്ങു ജയിച്ചുകാൺകവേ
ഇതുപോലെ പലർക്കു സംശയം
ചിതമാണോർക്കിലതങ്ങൊരത്ഭുതം!
അതിയുക്തി, വിതണ്ഡയും പരം
മതവിദ്വേഷമെഴുന്ന ഭക്തരും
മതിയുറ്റ ഭവാന്റെ ജാതക-
ദ്യുതിയല്ലാതിതു വേറെയെന്തുതാൻ?
ഗുരുനാഥ! കൃപാരസത്തൊടി-
ന്നരുളേണം മതദൂഷണം ഭവാൻ
പരപുച്ഛമതിൻ സ്വരത്തിലായ്
ചൊരിയേണം തവ യുക്തിഭാഷണം!
മമഹൃത്തിനകത്തു ഭദ്രമാ-
യമരുന്നൂ തവ വിഗ്രഹം സദാ
സുമനോജ്ഞ! നിരീശ്വരത്വമെൻ
തിമിരം തീർത്തു നമുക്കു നല്‌കണേ!
~
'വിയോഗിനി' എന്ന വൃത്തത്തിൽ ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചെഴുതിയ ഈ പ്രാർത്ഥന നിങ്ങൾക്ക് ഊർജ്ജദായിനിയാവുന്നുവെങ്കിൽ അതിനു കാരണം നിരീശ്വരാനുഗ്രഹമൊന്നു മാത്രമാണ്. മറിച്ചാണെങ്കിൽ, അത് ഈ നാസ്തികന്റെ കൈപ്പിഴയായിക്കരുതി ഭക്തജനവൃന്ദം ക്ഷമിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.