കെ കെ രമയ്ക്കെതിരായ അധിക്ഷേപത്തില്‍ സ്പീക്കറുടെ റൂളിങ്; എം.എം മണി പരാമര്‍ശം പിന്‍വലിച്ചു

കമ്മ്യൂണിസ്റ്റായ താന്‍ അതവരുടെ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നുവെന്നാണ് എം എം മണി ഇന്ന് സഭയില്‍ പറഞ്ഞത്.

Update: 2022-07-20 07:00 GMT

തിരുവനന്തപുരം: കെ.കെ രമയെ അധിക്ഷേപിച്ച് നിയമസഭയില്‍ എം.എം മണി നടത്തിയ പരാമർശത്തിൽ സ്പീക്കര്‍ എം.ബി രാജേഷിന്‍റെ റൂളിങ്. എം.എം മണിയുടെ പരാമർശത്തിൽ തെറ്റായ ആശയം അന്തർലീനമായിട്ടുണ്ട്. മണി പരാമർശം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. പിന്നാലെ വിധി എന്ന പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എം.എം മണി പറഞ്ഞു.

'ആ മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി' എന്നാണ് എം.എം മണി കെ.കെ രമയെ കുറിച്ച് നേരത്തെ സഭയില്‍ പറഞ്ഞത്. കമ്മ്യൂണിസ്റ്റായ താന്‍ അതവരുടെ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നുവെന്നാണ് എം.എം മണി ഇന്ന് സഭയില്‍ പറഞ്ഞത്.

Advertising
Advertising

സ്പീക്കറുടെ റൂളിങ്

2022 ജൂലൈ 14-ാം തിയ്യതി ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവേ ബഹുമാനപ്പെട്ട അംഗം ശ്രീ. എം.എം. മണി നടത്തിയ ഒരു പരാമര്‍ശവും അത് സംബന്ധിച്ച് സഭയില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങളും സംബന്ധിച്ച് ഏതാനും ചില കാര്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ചെയര്‍ ആഗ്രഹിക്കുകയാണ്.

ബഹുമാനപ്പെട്ട വനിതാ അംഗം ശ്രീമതി കെ.കെ രമയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി തുടര്‍ന്ന് സംസാരിച്ച ശ്രീ. എം.എം മണി നടത്തിയ പരാമര്‍ശം ആക്ഷേപകരമായതിനാല്‍ അത് ചട്ടം 307 പ്രകാരം സഭാ നടപടികളില്‍നിന്നും നീക്കം ചെയ്യേണ്ടതാണെന്ന് ബഹുമാനപ്പെട്ട അംഗം ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപ്പോള്‍ത്തന്നെ ഒരു ക്രമപ്രശ്നത്തിലൂടെ ചെയറിനോട് ആവശ്യപ്പെടുകയുണ്ടായി. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ശ്രീ രമേശ് ചെന്നിത്തലയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ചെയര്‍ സഭയെ അറിയിക്കുകയും ചെയ്തിരുന്നു. സമാനമായ സന്ദര്‍ഭങ്ങളില്‍ നമ്മുടെ സഭയില്‍ സ്വീകരിച്ചു വരുന്ന നടപടിക്രമം രണ്ടു സമീപകാല ഉദാഹരണങ്ങള്‍ സഹിതം തൊട്ടടുത്ത ദിവസമായ ജൂലായ് 15 നുതന്നെ ചെയര്‍ സഭയില്‍ വ്യക്തമാക്കുകയും പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലിമെന്ററിയല്ലാത്തതും എന്നാല്‍ എതിര്‍പ്പുള്ളതുമായ പരാമര്‍ശങ്ങളില്‍ സഭാ രേഖകള്‍ വിശദമായി പരിശോധിച്ച് പിന്നീട് തീര്‍പ്പുകല്പിക്കലാണ് രീതിയെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

നമ്മുടെ സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലിമെന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്.

വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാവണമെന്നില്ല. വാക്കുകള്‍ അതതു കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വാങ്മൊഴികള്‍ എന്നിവ പലതും ഇന്ന് കാലഹരണപ്പെട്ടതും ഉപയോഗിച്ചു കൂടാത്തതുമാകുന്നത്.

മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യ ബോധത്തിന്റെ വികാസത്തിനുമനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന ഒരു അവബോധം സമൂഹത്തിലാകെ വളര്‍ന്നു വരുന്നുണ്ട്. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്ററുകള്‍, അംഗപരിമിതര്‍, കാഴ്ചപരിമിതര്‍, പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ എന്നിവരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്.

എന്നാല്‍ ജനപ്രതിനിധികളില്‍ പലര്‍ക്കും ഈ മാറ്റം വേണ്ടത്ര മനസ്സിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓ‍ഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ട് എന്നും എല്ലാവരും ഓര്‍ക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവണം. വാക്കുകള്‍ വിലക്കാനും നിരോധിക്കാനുമുളള ചെയറിന്റെ അധികാരം പ്രയോഗിച്ച് അടിച്ചേല്പിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടത്.

മുകളില്‍ പറഞ്ഞ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വീക്ഷിക്കുമ്പോള്‍ ശ്രീ. എം.എം. മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്റെ അഭിപ്രായം. അത് പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നു പോകുന്നതല്ല. ചെയര്‍ നേരത്തേ വ്യക്തമാക്കിയതുപോലെ പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലിമെന്ററിയായ പരാമര്‍ശങ്ങള്‍ ചെയര്‍ നേരിട്ട് നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിന്‍വലിക്കുകയും ചെയ്യുക എന്നതുമാണ് നമ്മുടെ നടപടിക്രമം. ഏതാനും ദിവസം മുമ്പ് നമ്മുടെ സഭയില്‍ത്തന്നെ ശ്രീ. എം. വിന്‍സെന്റ് നടത്തിയ ഒരു ഉപമയെ സംബന്ധിച്ച് ശ്രീമതി കാനത്തില്‍ ജമീല ക്രമപ്രശ്നം ഉന്നയിച്ചതിനെ തുടര്‍ന്ന്

ശ്രീ. വിന്‍സെന്റ് സ്വയം അതു പിന്‍വലിച്ച അനുഭവമുണ്ട്. ശ്രീ. എം.എം. മണിയും ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് ചെയര്‍ പ്രതീക്ഷിക്കുന്നു.

ഒരു കാര്യം കൂടി ഇതുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ജൂലായ് 15 ന് ഈ പ്രശ്നം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉന്നയിച്ച സന്ദര്‍ഭത്തില്‍ ചെയര്‍ നടപടിക്രമങ്ങള്‍ വ്യക്തമാക്കുകയും പ്രശ്നം പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ചെയറിന്റെ വിശദീകരണം അംഗീകരിക്കുകയും ചെയ്തതാണ്. അതിനു ശേഷം മറ്റൊരു മുതിര്‍ന്ന അംഗം പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ ചെയറിനെ സംബന്ധിച്ച് അങ്ങേയറ്റം ദുസ്സൂചനയോടെ ചില പരാമര്‍ശങ്ങള്‍ നടത്തിയത് മാധ്യമങ്ങളില്‍ കാണുകയുണ്ടായി.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രതിപക്ഷത്തെ ഈ മുതിര്‍ന്ന അംഗം ചെയറിനെതിരെ പറഞ്ഞതിന്റെ ചേതോവികാരം അജ്ഞാതമാണ്. സൗമ്യനും മിതഭാഷിയുമെന്ന് കരുതപ്പെടുന്ന അദ്ദേഹം സഭയ്ക്കു പുറത്ത് ചെയറിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഉചിതമായോ എന്ന് ശാന്തമായി സ്വയം വിലയിരുത്തട്ടെ എന്നു മാത്രമേ അഭിപ്രായപ്പെടുന്നുള്ളൂ.

അതോടൊപ്പം ജൂലായ് 14 ന് ശ്രീ. എം.എം. മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്ന വേളയില്‍ ചില അംഗങ്ങള്‍ സഭയുടെ അന്തസ്സിന് ചേരാത്ത മുദ്രാവാക്യങ്ങള്‍ വിളിച്ചതും ഡയസ്സിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതും തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി എന്നുകൂടി ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിക്കട്ടെ.

വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സഭയുടെ അന്തസ്സും ഉന്നത മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ബഹുമാന്യ അംഗങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ചെയര്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News