അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനം: മാധ്യമങ്ങളെ പഴിച്ച് കായിക മന്ത്രി
ടീമിൻ്റെ സന്ദർശനം മുടക്കാൻ എഎഫ്എക്ക് നിരന്തരം വ്യാജ പരാതികൾ അയച്ചത് പ്രമുഖ മാധ്യമ സ്ഥാപനത്തിൻ്റെ പ്രതിനിധിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ കായിക മന്ത്രി വി.അബ്ദുറഹ്മാൻ. അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശന തീയതിയിൽ മാറ്റം വന്നതിനെ ചില മാധ്യമങ്ങൾ വാസ്തവവിരുദ്ധമായി ചിത്രീകരിക്കുന്നതായി മന്ത്രി പറഞ്ഞു. സ്പോൺസർക്ക് സ്റ്റേഡിയത്തിന്മേൽ അവകാശം അനുവദിച്ചു എന്ന പ്രചരണം ദുരുദ്ദേശപരം. നവംബർ 30ന് ശേഷം സ്പോൺസർക്ക് സ്റ്റേഡിയത്തിൽ ഒരു അവകാശവും നൽകിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സ്റ്റേഡിയം നവീകരിക്കുന്നതിനെ ചില മാധ്യമങ്ങളും സ്ഥാപിത താല്പര്യക്കാരും പാതകമായി വ്യാഖ്യാനിക്കുയാണ്. സർക്കാരിൻ്റെ ക്ഷണപ്രകാരമാണ് അർജൻ്റീന സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. ടീമിൻ്റെ സന്ദർശനം മുടക്കാൻ എഎഫ്എക്ക് നിരന്തരം വ്യാജ പരാതികൾ അയച്ചത് പ്രമുഖ മാധ്യമ സ്ഥാപനത്തിൻ്റെ പ്രതിനിധിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായ കായിക മന്ത്രി, ചാനൽ റിപ്പോർട്ടറുടെ തോളിൽ കയ്യിട്ടു ബലമായി മാറ്റിക്കൊണ്ടുപോയി പ്രകോപനം സൃഷ്ടിച്ചിരുന്നു. മൈക്കും ക്യാമറയും മന്ത്രി തട്ടിത്തെറിപ്പിക്കുകയും ചെയ്തു. മന്ത്രിയെ പിന്തുണച്ച് ചാനൽ മൈക്കുകളും ക്യാമറകളും എ സി മൊയ്തീൻ എം.എൽ.എയും തള്ളി മാറ്റി.