'കുലംകുത്തി, ഈഴവ സമുദായത്തിൻ്റെ അന്തകൻ'; വെള്ളാപ്പള്ളി നടേശനെതിരെ ശ്രീ നാരായണ സേവാസംഘം
സാമൂഹ്യനീതിയുടെ കാവൽ ഭടന്മാരായി എക്കാലവും നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് മുസ്‍ലിം സമുദായത്തിനും മുസ്‍ലിം ലീഗിനുമുള്ളത്
കൊച്ചി: എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശ്രീ നാരായണ സേവാ സംഘം. വെള്ളാപ്പള്ളി എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്യുന്നു. മകന് കേന്ദ്രത്തിൽ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുന്നു. വെള്ളാപ്പള്ളി നടേശൻ്റേത് 29 വർഷത്തെ കിരാത വാഴ്ചയെന്നും ശ്രീ നാരായണ സേവാ സംഘം കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
''മുസ്‍ലിം സമുദായത്തിനെതിരെ വീണ്ടും അധിക്ഷേപ ശരങ്ങളുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരിക്കുന്നു. ഏവരും സോദരത്വേന വാഴുന്ന മാതൃകാ സമൂഹസൃഷ്ടിക്കുവേണ്ടി ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം ഉപയോഗിച്ച് നടേശൻ നടത്തുന്ന ഈ പ്രസ്താവനകൾ കടുത്ത ഗുരുനിന്ദയും സമൂഹത്തിൽ വർഗ്ഗീയ വേർതിരുവുകൾ സൃഷ്ടിക്കുന്നതുമാണ്. മകന് കേന്ദ്രത്തിൽ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുവാൻ നടത്തുന്ന ഈ കുടില തന്ത്രത്തിൻ്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ഈഴവ സമുദായമാണ്. വെള്ളാപ്പള്ളി നടേശന്‍റെ വലയിൽ കുടുങ്ങിയിട്ടുള്ള രാഷ്ട്രീയ നേതാക്കൾ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുന്നു. ഇവർ സ്വയം കുഴിതോണ്ടുകയാണെന്ന വസ്തുത ഏറെ താമസിയാതെ തന്നെ ബോധ്യമാകും.
സാമൂഹ്യനീതിയുടെ കാവൽ ഭടന്മാരായി എക്കാലവും നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് മുസ്‍ലിം സമുദായത്തിനും മുസ്‍ലിം ലീഗിനുമുള്ളത്. സവർണ സംവരണ നിയമം പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ ഇടതു വലതു രാഷ്ട്രീയ കക്ഷികൾ മത്സരിച്ച് ഒത്താശ നൽകിയപ്പോൾ അതിനെ ചെറുക്കാനുണ്ടായിരുന്നത് മുസ്‍ലിം ലീഗും മുസ്‍ലിം സമുദായവുമാണ്. ജാതിസെൻസസ് നടപ്പാക്കണമെന്ന ആവശ്യത്തിലും മുസ്‍ലിം സമുദായം ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ നടേശൻ മുടന്തൻ വാദങ്ങൾ ഉന്നയിച്ച് ആർക്കോ വേണ്ടി കുഴലൂത്ത് നടത്തുകയായിരുന്നു. വെള്ളാപ്പള്ളി നടേശൻ്റെ കഴിഞ്ഞ 29 വർഷത്തെ കിരാത വാഴ്‌ചയിലൂടെ എസ്എൻഡിപി യോഗത്തിനും എസ്എൻ ട്രസ്റ്റിനുമുണ്ടായിട്ടുള്ള അപചയവും അധഃപതനവും വിവരണാതീതമാണെന്നും'' ശ്രീ നാരായണ സേവാ സംഘം ആരോപിച്ചു.
എസ്എൻ ട്രസ്റ്റിൻ്റെ മൂന്ന് ആശുപത്രികൾ നടേശൻ വിറ്റു തുലച്ചു.മൈക്രോ ഫിനാൻസ് വായ്പാ തട്ടിപ്പുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രത ദുരൂഹമാണ്. വെള്ളാപ്പള്ളി സമുദായത്തിൻ്റെ അന്തകനാണ്. മന്ത്രിമാരും ജനപ്രതിനിധികളും നടേശൻ്റെ സ്തുതി പാഠകരായി മാറുന്നുവെന്നും സംഘം കുറ്റപ്പെടുത്തി.