ശ്രീക്കുട്ടിയെ ട്രെയിനിൽനിന്ന് ചവിട്ടി പുറത്തിട്ടതിന് പിന്നിൽ വഴി മാറി കൊടുക്കാത്തതിലുള്ള പ്രകോപനം

പ്രതി സുരേഷിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

Update: 2025-11-03 12:36 GMT

തിരുവനന്തപുരം: വർക്കലയിൽ 19 വയസ്സുകാരി ശ്രീക്കുട്ടിയെ പ്രതിയായസുരേഷ് ട്രെയിനിൽനിന്ന് ചവിട്ടി പുറത്താക്കി കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ വഴി മാറി കൊടുക്കാത്തതിലുളള പ്രകോപനം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ സുരേഷിനെതിരെ ചുമത്തി. ഇയാളെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.

ശ്രീക്കുട്ടിയും പ്രതിയായ സുരേഷും കേരള എക്‌സ്പ്രസിൽ ജനറൽ കമ്പാർട്ട്‌മെൻറിൽ ഒരേ കോച്ചിലാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നത്. സുഹൃത്ത് അർച്ചനയുമൊത്ത് ശ്രീക്കുട്ടി ഡോറിനടുത്ത് നിന്ന് സംസാരിക്കുന്നതിനിടെ സുരേഷ് അവിടെയെത്തി. ഡോറിന് മുന്നിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇരുവരും മാറിയില്ല. ഇതിൽ സുരേഷ് പ്രകോപിതനായി. പിന്നീട് ശ്രീക്കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സുരേഷ് പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി.

ഇത് കണ്ട് ഓടിയെത്തിയ അർച്ചനയെ ട്രെയിനിൽ നിന്ന് എടുത്ത് പുറത്തേക്ക് എറിയാനും സുരേഷ് ശ്രമിച്ചു. ട്രെയിനിലെ യാത്രക്കാർ ചേർന്നാണ് സുരേഷിനെ കീഴ്‌പ്പെടുത്തിയത്. സ്ഥിരം മദ്യപിക്കുന്ന ആളാണ് സുരേഷ് എന്ന് നാട്ടുകാർ പറയുന്നു. ഫോറൻസിക് സംഘം ശ്രീക്കുട്ടിക്ക് അക്രമം നേരിട്ട വർക്കലയിൽ എത്തി പരിശോധന നടത്തി. റെയിൽവേ പൊലീസും പരിശോധനയിൽ പങ്കെടുത്തു

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News