'കമ്മ്യൂണിസ്റ്റായ സഹോദരനും എ.ബി.വി.പിക്കാരനായ ഞാനും തമ്മിലുള്ള തർക്കം'; സന്ദേശം സിനിമ സ്വന്തം ജീവിതമെന്ന് ശ്രീനിവാസൻ

''സർദാർ പട്ടേലിനെ തഴഞ്ഞ് പ്രധാനമന്ത്രിയായ നെഹ്‌റുവാണ് രാഷ്ട്രീയ വഞ്ചനയുടെ ചരിത്രം തുടങ്ങുന്നത്. മോദിയെ വിലയിരുത്താൻ സമയമായിട്ടില്ല. അദാനിയുടെ പണം വാങ്ങാത്ത ഏത് പാർട്ടിക്കാരാണുള്ളത്?''

Update: 2023-04-02 14:10 GMT

 sreenivasan

Advertising

കോഴിക്കോട്: കമ്മ്യൂണിസ്റ്റുകാരനായ സഹോദരനും എ.ബി.വി.പിക്കാരനായ താനും തമ്മിലുള്ള തർക്കമാണ് സന്ദേശം സിനിമയുടെ കഥയായി മാറിയതെന്ന് ശ്രീനിവാസൻ. 'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്' നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ തുറന്നുപറച്ചിൽ. പിതാവും സഹോദരനും കമ്മ്യൂണിസ്റ്റുകാരായിരുന്നു. ചെറുപ്പത്തിൽ താനും ചെങ്കൊടി പിടിച്ച് പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അമ്മയുടെ കുടുംബം കോൺഗ്രസുകാരായിരുന്നു. അവരുടെ സ്വാധീനത്തിൽ കോളജ് വിദ്യാഭ്യാസ കാലത്ത് കെ.എസ്.യുവിൽ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ തനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടില്ലായിരുന്നുവെന്നും ഏത് സംഘടനയിലും പ്രവർത്തിക്കാൻ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോളജ് വിദ്യാഭ്യാസത്തിന് ശേഷം സുഹൃത്തുക്കളുടെ സ്വാധീനത്താൽ എ.ബി.വി.പിക്കാരനായി മാറിയെ ശ്രീനിവാസൻ പറഞ്ഞു. തന്റെ ഗ്രാമത്തിൽ ആദ്യമായി രാഖി കെട്ടിയത് താനാണ്. കമ്മ്യൂണിസ്റ്റുകാരന്റെ മകൻ രാഖി കെട്ടിയത് നാട്ടുകാരെ ഞെട്ടിച്ചു. ഒരു സുഹൃത്ത് രാഖി പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ അങ്ങനെ ചെയ്താൽ കൊന്നുകളയുമെന്ന് താൻ മുന്നറിയിപ്പ് നൽകിയെന്നും ശ്രീനിവാസൻ പറഞ്ഞു.

പിണറായി വിജയനെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം പിതാവുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞു. അത് തന്നെ വികാരാധീനനാക്കിയിരുന്നു. അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു. എന്നാൽ അധികാരം എല്ലാവരെയും ദുഷിപ്പിക്കുമെന്ന് പിന്നീട് മനസ്സിലായെന്നും ശ്രീനിവാസൻ പറഞ്ഞു.



അധികാരത്തിലെത്തുന്നത് വരെ എല്ലാ രാഷ്ട്രീയക്കാരും പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കും. അധികാരം കിട്ടിയാൽ അത് മറക്കും. കൂടുതൽ വോട്ട് നേടിയ സർദാർ പട്ടേലിനെ മറികടന്നാണ് നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. അന്ന് തുടങ്ങിയതാണ് രാഷ്ട്രീയത്തിലെ ചതിയുടെ കഥ. അച്യുതമേനോനും വി.എസും നല്ല നേതാക്കളായിരുന്നു. ഉമ്മൻചാണ്ടിയെ ഇപ്പോഴും ഇഷ്ടമാണ്. നരേന്ദ്ര മോദിയെ വിലയിരുത്താൻ സമയമായിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി അദാനിയെ എതിർക്കുന്നുണ്ടോ? അദാനിയുടെ പണം വാങ്ങാത്ത ഏത് പാർട്ടിയാണുള്ളതെന്നും ശ്രീനിവാസൻ ചോദിച്ചു.



മോഹൻലാലുമായി തനിക്ക് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അദ്ദേഹം ഒരു കാപട്യക്കാരനാണ്. മരിക്കുന്നതിന് മുമ്പ് ഇതെല്ലാം തുറന്നെഴുതാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News