Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: special arrangement
തിരുവനന്തപുരം: കേരളത്തിന് തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ട് അനുവദിച്ച് കേന്ദ്രം. ആദ്യഗഡുവായി അനുവദിച്ചത് 92.41 കോടി രൂപ. കേരളം സമർപ്പിച്ച 109 കോടി രൂപയുടെ പ്രപ്പോസലിലാണ് ഈ തുക അനുവദിച്ചത്. നോൺ റക്കറിങ് ഇനത്തിൽ ഇനി കിട്ടാനുള്ളത് 17 കോടി രൂപ. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള തുകയാണ് അനുവദിച്ചത്.
ഭിന്നശേഷി വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ അധ്യാപകർ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ട് കേരളത്തിന് നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. തങ്ങളുടെ താത്കാലിക നിയമനം സ്ഥിര നിയമനമായി അംഗീകരിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നിലവിൽ കേരളത്തിലെ വിദ്യാഭ്യാസത്തിന് കേന്ദ്രം സഹായങ്ങളൊന്നും ചെയ്യുന്നില്ലെന്ന പരാതിയെ തുടർന്നാണ് എത്രയും പെട്ടെന്ന് എസ്എസ്കെ ഫണ്ട് കേന്ദ്രം നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.
ഇതിന് തൊട്ടുപിന്നാലെയാണ് എസ്എസ്കെ ഫണ്ടിന്റെ ആദ്യഗഡുവായി 92.41 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പിഎം ശ്രീയിൽ ഒപ്പുവെച്ചെങ്കിൽ മാത്രമേ എസ്എസ്കെ ഫണ്ട് അനുവദിക്കുകയുള്ളൂവെന്ന കടുത്ത പിടിവാശിയിലായിരുന്നു കേന്ദ്രം.