നായപ്പേടിയിൽ കേരളം; കഴിഞ്ഞ വർഷം പേവിഷബാധയേറ്റ് മരിച്ചത് 26 പേർ,അഞ്ചുമാസത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് ഒന്നരലക്ഷത്തിലധികം പേർ

വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

Update: 2025-05-06 04:20 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍. ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിലധികം പേർ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവർഷം 3,16,793 പേർക്ക് നായയുടെ കടിയേറ്റപ്പോൾ 26 പേർ പേവിഷബാധയേറ്റ് മരിച്ചു.ഒരു മാസത്തിനിടെ മൂന്ന് കുരുന്നു ജീവനുകളാണ് പേവിഷബാധ മൂലം നഷ്ടമായത്. നായ്ക്കളുടെ വന്ധ്യംകരണ പരിപാടികൾ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്. 

കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക് പരിശോധിച്ചാല്‍  2020- ൽ 1,60,483 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പേവിഷബാധയേറ്റ് അക്കൊല്ലം മരിച്ചത് അഞ്ച് പേരാണ്. 2021- ൽ 2,21,379 പേരെ തെരുവ് നായ അക്രമിച്ചപ്പോൾ പേവിഷബാധയേറ്റ് 11 പേർക്ക് ജീവൻ നഷ്ടമായി.

Advertising
Advertising

2022- ൽ 2,88,866 പേർ തെരുവ് നായ ആക്രമണത്തിന് ഇരയായി. പത്തുവർഷത്തിനിടയിൽ 2022 ലാണ് ഏറ്റവും അധികം പേവിഷബാധയേറ്റ് മരണമുണ്ടായത്. 27 പേരാണ് അക്കൊല്ലം മരിച്ചത്. 2023- ൽ 3,06,427 പേരും കഴിഞ്ഞ വർഷം 3,16,793 പേരെയും നായ ആക്രമിച്ചു. യഥാക്രമം 25- 26 പേർ വീതം കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയിൽ പേവിഷബാധയേറ്റ് ജീവൻവെടിഞ്ഞു.

ഏറ്റവും അധികം മരണ സാധ്യത ഉള്ളതാണ് പേവിഷബാധ. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്കരിച്ചതാണെങ്കിലും ഇപ്പോഴും അത് ഫലപ്രദമല്ല. കോർപ്പറേഷനുകൾ കേന്ദ്രീകരിച്ച് പദ്ധതി കാര്യക്ഷമമായി നടക്കാത്തതും തെരുവുനായ ആക്രമണം ഇരട്ടിയാക്കി. നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തെരുവുനായ ആക്രമണവും പേവിഷബാധ മരണങ്ങളും ആശങ്ക ഉണ്ടാക്കുന്ന തരത്തിലേക്ക് മാറി. അതേസമയം, വാക്സിനെതിരായ പ്രചരണം തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News