കൊച്ചി: അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവും ഇന്ത്യയും വന്‍ സഖ്യമായി മാറുമെന്ന് ബിജെപി നേതാവ് അഡ്വ. ജയസൂര്യന്‍. അഫ്ഗാനില്‍ എംബസി തുറക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇതിന്‍റെ ഭാഗമാണ്. അമേരിക്കക്കും ചൈനക്കും സാധിക്കാത്തതാണ് ഇന്ത്യ നേടിയെടുത്തതെന്നും ജയസൂര്യൻ ജൻമഭൂമിയിലെഴുതിയ ലേഖനത്തിൽ പറയുന്നു.
ലേഖനത്തിൽ നിന്ന്
ഇറാനില്‍ ഭാരതത്തിന്റെ നിയന്ത്രണത്തിലുള്ള ചാബഹാര്‍ തുറമുഖത്തുനിന്ന് അഫ്ഗാനിസ്ഥാന്‍ വഴി ഭാരതത്തിലേക്ക് ഒരു കരമാര്‍ഗം തുറക്കാന്‍ കഴിഞ്ഞാല്‍ ചരക്കു നീക്കത്തില്‍ 40% സാമ്പത്തിക ലാഭവും 30% സമയലാഭവുമാണ് നമുക്ക് ലഭിക്കുക. മാത്രമല്ല അഫ്ഗാനിസ്ഥാനുമായി തന്ത്രപ്രധാനമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ പാകിസ്ഥാനെ നാലു വശത്തു നിന്നും വരിഞ്ഞു മുറുക്കാനും നിയന്ത്രിക്കാനും ഭാരതത്തിനാവും. ഇപ്പോഴും അവികസിതമായി തുടരുന്ന രാജ്യമെന്ന നിലയില്‍ അഫ്ഗാനിസ്ഥാനില്‍ ഖനനം നടത്താനും ചെമ്പ്, ഇരുമ്പ്, ബോക്സൈറ്റ്, തോറിയം, ലിഥിയം തുടങ്ങിയ ധാതു വസ്തുക്കളും അപൂര്‍വ്വ ലോഹങ്ങളും അടക്കം എണ്ണയും പ്രകൃതി വാതകവും വരെ സുലഭമായി ഖനനം ചെയ്തെടുക്കാനുള്ള സാഹചര്യവും ഒരുങ്ങുകയാണ് ഭാരതത്തിന്.
ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് ഭാരതം നേരത്തെ തന്നെ അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാനത്തിനുവേണ്ടി 39 പ്രവിശ്യകളിലായി ഇരുപത്തി ആറായിരത്തി എഴുനൂറ്റി അറുപത് കോടി രൂപയുടെ 500 പദ്ധതികള്‍ നടപ്പാക്കിയിരുന്നു. പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചു നല്‍കിയത് കൂടാതെ ഹൈവേകള്‍, ഡാമുകള്‍, ഇലക്ട്രിസിറ്റി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെല്ലാം അടിസ്ഥാന സൗകര്യ വികസനം നടത്തി. അവിടത്തെ പ്രാകൃതവും യാഥാസ്ഥിതികവുമായ മതപരമായ കടുംപിടുത്തത്തില്‍ നിന്ന്, നവീന ലോകത്തേക്കുള്ള വഴി വെട്ടിത്തുറക്കുകയും ഭാരതത്തിന്റെ ലക്ഷ്യമാണ്. ഇത്തരം നീക്കം ഏറെക്കുറെ വിജയ സാധ്യതയിലെത്തി എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഭാരതത്തില്‍ അഫ്ഗാനിസ്ഥാന്‍ മന്ത്രി നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍ വനിതകളെ ക്ഷണിച്ചിരുന്നില്ലെങ്കിലും രണ്ടാമത്തെ സമ്മേളനത്തില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ തയ്യാറായത്.
തന്ത്രപ്രധാനമായ സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ചൈനയെ വളരെയേറെ മോഹിപ്പിക്കുന്നുണ്ട്. വേണ്ടി വന്നാല്‍ പാകിസ്ഥാനെ ഒഴിവാക്കിയും അഫ്ഗാനിസ്ഥാന്‍ വഴി ചൈനയിലേക്ക് വ്യാപാരമാര്‍ഗ്ഗം തുറന്നെടുക്കാന്‍ സാധിക്കുന്ന സാഹചര്യമൊരുക്കാന്‍ ചൈന മടിക്കുകയില്ല. അത് സാധിച്ചാല്‍ ബലൂചിസ്ഥാനിലുള്ള തടസ്സങ്ങളെ മറികടക്കാനും ചൈനയ്‌ക്ക് സാധിക്കും. ചൈനയുടെ ഇത്തരം നീക്കത്തിന് തടയിടേണ്ടത് ഭാരതത്തിന്റെ സുരക്ഷയ്‌ക്ക് ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെ ചേര്‍ത്തുനിര്‍ത്തുക എന്നത് ഭാരത സുരക്ഷയുടെ അനിവാര്യവും അടിയന്തരവുമായ ആവശ്യം കൂടിയാണ്. നിലവില്‍, അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ അവസ്ഥയാണ് ഉള്ളത്. അതിര്‍ത്തികളില്‍ നടക്കുന്ന നിരന്തര ഏറ്റുമുട്ടലുകളിലൂടെ താലിബാന്‍, പാകിസ്ഥാന്റെ വലിയൊരു ഭൂവിഭാഗം സ്വന്തമാക്കാന്‍ ശ്രമിച്ചു വരുന്നു. താലിബാന്റെ ഈ നീക്കം വിജയിച്ചാല്‍ അവരോട് അനുകൂല നിലപാടു പുലര്‍ത്തുന്ന ഭാരതത്തിന് പാക്ക് അധിനിവേശ കശ്മീരിലൂടെ ഒരു വ്യാപാരമാര്‍ഗ്ഗം തുറന്നെടുക്കാന്‍ സാധിച്ചേക്കും.
ഇതു മാത്രമായിരിക്കില്ല ഭാരതം ലക്ഷ്യം വയ്‌ക്കുന്നത്. എണ്ണയും പ്രകൃതിവാതകങ്ങളും മാത്രമല്ല ധാതുസമ്പത്തുകളും അപൂര്‍വ ലോഹങ്ങളും അഫ്ഗാനിസ്ഥാനില്‍ ധാരാളമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഇവയൊന്നും ഖനനം ചെയ്തെടുക്കാനോ സമ്പുഷ്ടീകരിക്കാനോ ഉള്ള സാങ്കേതികവിദ്യയും സാമ്പത്തികശേഷിയും അഫ്ഗാനിസ്ഥാന് ഇപ്പോള്‍ ഇല്ല.
സാമ്പത്തികമായി തകര്‍ന്ന അമേരിക്കയും പാശ്ചാത്യ ശക്തികളും റഷ്യയും ഒന്നും ഈ കാര്യം ഏറ്റെടുക്കാനുള്ള സുസ്ഥിര സമ്പദ് വ്യവസ്ഥയിലല്ലതാനും. ഇവിടെയാണ് അതിവേഗ സമ്പദ് വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഭാരതം എന്ന വന്‍ശക്തിയുടെ സാധ്യതയും പ്രസക്തിയും അഫ്ഗാനിസ്ഥാന്‍ തിരിച്ചറിയുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്കുള്ള മന്ത്രിതല സമിതിയുടെ സന്ദര്‍ശനത്തിന്റെയും ചര്‍ച്ചയുടെയും പിന്നില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ സഖ്യത്തിന്റെ സൂചനകള്‍ വ്യക്തമാക്കുന്നതാണ് അഫ്ഗാനിസ്ഥാനില്‍ എംബസി തുറക്കാനുള്ള ഭാരതത്തിന്റെ തീരുമാനം. ചുരുക്കത്തില്‍ അമേരിക്കക്കും റഷ്യക്കും ചൈനയ്‌ക്കും സാധിക്കാതെ പോയ വലിയ സാദ്ധ്യതയാണ് ഭാരതം രഹസ്യമായി നേടിയെടുത്തു കൊണ്ടിരിക്കുന്നത്.
ഭാരതത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഭീകര പ്രസ്ഥാനങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള ശക്തമായ നിലപാട് അഫ്ഗാന്‍ ഭരണകൂടം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. പതിറ്റാണ്ടുകള്‍ നീണ്ട അസ്വാതന്ത്ര്യത്തിന്റെയും അസമാധാനത്തിന്റെയും പശ്ചാത്തലത്തില്‍ നിന്ന് ഒരു പരിഷ്‌കൃത രാജ്യത്തിലേക്ക് മുഖംമിനുക്കി കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഭീകരവാദ ഗ്രൂപ്പുകള്‍ അവര്‍ക്കും തലവേദന തന്നെയാണ് എന്ന സൂചന അതിലുണ്ട്. ഭീകരവാദികളെ നേരിടുന്നതിലും അമര്‍ച്ച ചെയ്യുന്നതിലും ലോകത്ത് ഏറ്റവും കൂടുതല്‍ വിജയിച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള രാജ്യമാണ് ഭാരതം. ഈ അനുഭവസമ്പത്ത് അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണയാവും എന്ന് അവര്‍ക്കറിയാം. അതിനാല്‍, ഭാരതവുമായുള്ള സഖ്യം അഫ്ഗാനിലെ സമാധാന സ്ഥാപനത്തിനും അന്തസ്സുള്ള രാജ്യം എന്ന സല്‍പേരിനും താലിബാന്‍ ഭരണകൂടത്തിന്റെ സുസ്ഥിരതക്കും ആവശ്യമാണ് എന്ന തിരിച്ചറിവും അഫ്ഗാന്‍ ഭരണകൂടത്തിന് ഉണ്ട്.