'കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാൻ പോകുന്നില്ല'; സിഎംഡിആർഎഫ് ക്രമക്കേടിൽ കർശന നടപടിയെന്ന് മന്ത്രി

'റവന്യൂ വകുപ്പ് തന്നെയാണ് വിജിലൻസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്'

Update: 2023-02-23 06:57 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. റവന്യൂ വകുപ്പ് തന്നെയാണ് വിജിലൻസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. പണം അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വേണോയെന്നതിൽ വിജിലൻസ് റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കും. സി.എം.ഡി.ആർ.എഫിൽ ആകെ ക്രമക്കേടാണെന്ന വാദം ശരിയല്ല. ആരെങ്കിലും ഒരാൾ തെറ്റ് ചെയ്‌തെന്ന് കരുതി അർഹതപ്പെട്ടവർക്ക് സഹായം നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയിൽ കലക്ടറേറ്റുകളിൽ വിജിലൻസിന്റെ പരിശോധന കഴിഞ്ഞദിവസം മുതൽ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലാണ് 'ഓപ്പറേഷൻ സിഎംഡിആർഎഫ്' എന്ന പേരിൽ പരിശോധന നടക്കുന്നത്.

ദുരിതാശ്വാസനിധിയുടെ പേരിൽ സംഘടിതമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലൻസ് മേധാവി എ ഡി ജി പി മനോജ് എബ്രഹാം ഇന്ന് പറഞ്ഞു. 'എല്ലാ ജില്ലകളിലും ക്രമക്കേട് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുൾപ്പെടെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.സർക്കാരിൽ നിന്ന് തന്നെ ഇതുസംബന്ധിച്ച പരാതി ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പരാതി കിട്ടി എങ്ങനെ തട്ടിപ്പ് നടത്തി എന്ന് സംബന്ധിച്ച് പരിശോധന നടക്കുന്നു'.ഇന്നും നാളെയും പരിശോധന തുടരുമെന്നും മനോജ് എബ്രഹാം പറഞ്ഞു. ഒരു ജില്ലയിൽ ഏകദേശം 300 അപേക്ഷകൾ പരിശോധിക്കുന്നു.തട്ടിപ്പ് പണത്തിന്റെ പങ്കു വയ്ക്കൽ രീതി എങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ട്. സഹായ വിതരണത്തിനുള്ള മാർഗനിർദേശം സർക്കാരിന് നൽകും.സഹായ വിതരണത്തിന്റെ തടസ്സം ഉണ്ടാകില്ല.വില്ലേജ് ഓഫീസ്, ഗുണഭോക്താക്കകളുടെ വീട് എന്നിവിടങ്ങളിലും പരിശോധന ഉണ്ടാകുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

അതേസമയം, ദുരിതാശ്വാസനിധി തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ പറഞ്ഞു. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകും. അന്വേഷിച്ചാൽ കേസിലെ സിപിഎം പങ്ക് പുറത്തുവരും. തീക്കട്ടയിൽ ഉറുമ്പരിക്കുന്നത് പോലെയാണ് ഇതെന്നും മുഖ്യമന്ത്രി മറുപടി നൽകണമെന്നും വി ഡി സതീശൻ പറഞ്ഞു.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News