പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്, പ്രതി വിനീഷ് അറസ്റ്റിൽ
സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായി
മലപ്പുറം: മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ മുഖ്യപ്രതി അറസ്റ്റിൽ. വെള്ളക്കട്ട സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. വൈദ്യുതി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ചിനാണ് കേസ് അന്വേഷണ ചുമതല. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സി.അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
പന്നിയെ പിടിക്കാനാണ് താൻ കെണിവെച്ചതെന്നാണ് വിനീഷ് പൊലീസിന് മൊഴി നൽകിയത്. അനന്തു ഷോക്കേറ്റ് മരിച്ച വിവരം അറിഞ്ഞ ഉടൻ വിനീഷ് ഒളിവിൽ പോയി . പിന്നീട് പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു . മനഃപൂർവമല്ലാത്ത നരഹത്യക്കാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത് . വൈദ്യുതി വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് നിലമ്പൂർ ഡിവൈഎസ്പി പറഞ്ഞു.
അതേസമയം സംഭവത്തിൽ രാഷ്ട്രീയപ്പോര് കടുക്കുകയാണ്. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാകാമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.. സർക്കാർ പോൺസേർഡ് ആണെന്ന് ഏത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പറഞ്ഞതെന്നും ശശീന്ദ്രൻ ചോദിച്ചു.
പ്രതി കോൺഗ്രസുകാരനാണെന്നും ഫോൺ കോളടക്കം പരിശോധിക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പ്രതി കോൺഗ്രസ് പ്രവർത്തകനാണെന്നത് പച്ചക്കള്ളമാണെന്നും മന്ത്രി രാജിവെച്ച് ഇറങ്ങിപോകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. വനം മന്ത്രി മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും പ്രതികരിച്ചു.