തിരുവനന്തപുരത്ത് വിദ്യാർഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റിൽ
രാജധാനി എഞ്ചിനിയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥി വാലന്റൈനാണ് മരിച്ചത്
തിരുവനന്തപുരം: നഗരൂരിൽ മിസോറം സ്വദേശിയായ വിദ്യാർഥി കുത്തേറ്റ് മരിച്ചു. രാജധാനി എഞ്ചിനിയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥി വാലന്റൈനാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് നഗരൂർ ജംഗ്ഷനിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. രാജധാനി എഞ്ചിനിയറിംഗ് കോളേജിൽ പഠിക്കുന്ന ലാമോയും, വാലൻ്റൈനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ലാമോ എന്ന എഞ്ചിനിയറിംഗ് വിദ്യാർത്ഥി നഗരൂർ ജംഗ്ഷനിലേക്ക് വാലൻ്റൈനെ വിളിച്ച് വരുത്തി. തുടർന്ന് സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ പൊലീസ് ജീപ്പ് വിദ്യാർത്ഥികൾ നിൽക്കുന്ന സ്ഥലത്ത് നിർത്തി വിദ്യാർഥികളോട് സംസാരിച്ച് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. രാത്രിയിൽ വിദ്യാർത്ഥികൾ പ്രശ്നം ഉണ്ടാക്കുന്നത് കണ്ടിട്ടും പൊലീസ് ഇടപെട്ടില്ല. വാഹനത്തിൽ നിന്നും പൊലീസ് ഇറങ്ങുക പോലും ചെയ്തില്ല . പൊലീസ് പോയതിന് പിന്നാലെ വാലൻ്റൈന് കുത്തേറ്റു. രക്തം വാർന്ന് നിലത്ത് വീണ വാലൻ്റൈയ്നെ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.
വാലൻ്റൈയ്നെ കുത്തിയ ലാമോ എന്ന വിദ്യാർത്ഥിയെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു . മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു