ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

കുട്ടിയെ കാണാതായതിനെ തുടർന്ന് വൈകുന്നേരം മുതൽ നാട്ടുകാരും രക്ഷിതാക്കളും തിരച്ചിൽ തുടങ്ങിയിരുന്നു

Update: 2022-11-10 16:48 GMT
Editor : abs | By : Web Desk

പാലക്കാട്: അലനല്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വൈകുന്നേരം മുതൽ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് സ്‌കൂളിന്റെ മൂന്നാം നിലയിൽ കൈകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

 അലനല്ലൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. 4.45 വരെ സ്‌പെഷ്യൽ ക്‌ളാസിൽ പങ്കെടുത്തിരുന്ന കുട്ടിയെ ഇതിന് ശേഷമാണ് കാണാതായത്. വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി. തുടർന്ന് സ്‌കൂൾ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സ്‌കൂളിന്റെ മൂന്നാം നിലയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

Advertising
Advertising

രണ്ടുകയ്യും കെട്ടി അവശനിലയിലായിരുന്നു കുട്ടി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. തന്റെ ഓവർ കോട്ടിൽ കുറച്ച് പണമുണ്ടായിരുന്നു. ഈ പണമെടുക്കാനായി രണ്ടുപേർ വരികയും തന്റെ മുഖം പൊത്തിയതിന് ശേഷം കൈകൾ കെട്ടി പണം എടുത്തുവെന്നാണ് കുട്ടി നാട്ടുകൽ പൊലീസിന് നൽകിയ മൊഴി.

കുട്ടിയിൽ നിന്ന് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ ആരാണ് ഇതിന് പിന്നിലെന്നത് അടക്കമുള്ള കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കുട്ടി മാനസികമായി തളർന്നതിനാൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ സാധിക്കില്ലെന്നും പൊലീസ് അറിയിച്ചു. 

 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News