താത്ക്കാലിക ആശ്വാസം, പോരാട്ടം തുടരുമെന്ന് ഉവൈസി; കോടതിയുടെ ചോദ്യങ്ങൾക്ക് കേന്ദ്രത്തിന് ഉത്തരമില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ

വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതിയുടെ ഇടക്കാല വിധി സ്വാഗതാർഹമാണെന്ന് കെ.സി വേണു​ഗോപാൽ എംപി പ്രതികരിച്ചു.

Update: 2025-04-17 13:03 GMT

ന്യൂഡൽഹി: വഖഫ് ഭേ​ദ​ഗതി നിയമത്തിനെതിരായ ഹരജികളിലെ സുപ്രിംകോടതി ഇടപെടലിൽ പ്രതികരിച്ച് ഹരജിക്കാർ. കോടതിയിൽ നിന്ന് ലഭിച്ചത് താത്ക്കാലിക ആശ്വാസമാണെന്ന് എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി പറ‍ഞ്ഞു. നിയമ പോരാട്ടം തുടരുമെന്നും ഉവൈസി വ്യക്തമാക്കി.

'ഈ നിയമം ഭരണഘടനാ വിരുദ്ധമാണ്. സെൻട്രൽ വഖഫ് കൗൺസിലും സംസ്ഥാന വഖഫ് കൗൺസിലും രൂപീകരിക്കില്ലെന്നടക്കം കോടതി പറഞ്ഞിട്ടുണ്ട്. ജെപിസിയുടെ ചർച്ചകൾക്കിടെ, സർക്കാർ നിർദേശിച്ച എല്ലാ ഭേദഗതികളെയും എതിർത്ത് ഞാൻ ഒരു റിപ്പോർട്ട് നൽകി. ലോക്സഭയിലെ ചർച്ചയ്ക്കിടെ, ബിൽ ഭരണഘടനാ വിരുദ്ധമെന്ന് ഞാൻ പറഞ്ഞു. ഈ നിയമത്തിനെതിരായ ഞങ്ങളുടെ നിയമപോരാട്ടം തുടരും'- ഉവൈസി വിശദമാക്കി.

Advertising
Advertising

നിലവിലെ സ്ഥിതി തുടരണമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും ഇന്നലെ കോടതി കൃത്യമായി ചില കാര്യങ്ങൾ ചോദിച്ചെങ്കിലും മറുപടി പറയാൻ കേന്ദ്രത്തിനായില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി പറ‍ഞ്ഞു. കേന്ദ്രം കൊണ്ടുവന്ന നിയമം ശരിയാണെങ്കിലല്ലേ അവർക്ക് കൃത്യമായ മറുപടി പറയാനാകൂ. എന്തായാലും അവർക്ക് ഏഴ് ദിവസത്തെ സമയം കൊടുത്തിട്ടുണ്ട്. കേന്ദ്രത്തിന്റെ നീക്കത്തിൽ വിശദീകരണം തേടുന്ന സമീപനം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കോടിക്കണക്കിന് മുസ്‌ലിംകളുടെ വികാരങ്ങൾ വഖഫുമായി ബന്ധപ്പെട്ടിരിക്കുന്നു. തെളിവുകളും ഉണ്ട്. ഞങ്ങളുടെ കേസ് ശക്തമാണ്. പിഡിപിയും ഒരു ഹരജി ഫയൽ ചെയ്തിട്ടുണ്ട്. കൂട്ടായ വികാരം പരിഗണിച്ച് വഖഫ് ഭേദഗതികൾക്കെതിരെ സുപ്രിംകോടതി വിധി പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- പിഡിപി മേധാവി മെഹബൂബ മുഫ്തി പറഞ്ഞു.

'ഈ നിയമത്തിന് ശേഷം, നിരവധി ഖബർസ്ഥാനുകളും മദ്രസകളും പള്ളികളും പൊളിച്ചുമാറ്റുകയാണ്. പൊളിക്കലിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്രധാനമന്ത്രി ഇതിൽ ഇടപെടണം. വഖഫ് ഒരു ചെറിയ പ്രശ്നമല്ല. മുസ്‌ലിംകൾ രാജ്യത്തെ ഐക്യത്തോടെ നിലനിർത്തുന്നു. അവർ തീർന്നാൽ രാജ്യം മുഴുവൻ ചിതറിപ്പോവും'- അവർ കൂട്ടിച്ചേർത്തു.

'കേന്ദ്രം ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഒരു ജില്ലാ മജിസ്ട്രേറ്റ് എങ്ങനെ കോടതിക്ക് മുകളിലാകും. ആ വ്യവസ്ഥ നിയമത്തിൽ നിന്ന് തീർച്ചയായും നീക്കം ചെയ്യപ്പെടും. വഖഫ് ബോർഡ് അതേപടി തുടരും'- ഹരജിക്കാരിലൊരാളായ എഎപി നേതാവും എംഎൽഎയുമായ അമാനത്തുല്ല ഖാൻ പറഞ്ഞു.

വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതിയുടെ ഇടക്കാല വിധി സ്വാഗതാർഹമാണെന്ന് കോൺ​ഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ എംപി പ്രതികരിച്ചു. പാർലമെൻ്റിലടക്കം കോൺഗ്രസ് ഉയർത്തിയ വാദങ്ങൾ പോലും സുപ്രിംകോടതി ആവർത്തിച്ചു. മുനമ്പത്ത് സഭാ നേതൃത്വത്തെ പോലും കേന്ദ്ര സർക്കാർ കബളിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫിൽ സ്വത്തിൽ തൽസ്ഥിതി തുടരണമെന്നാണ് ഇന്ന് കോടതി നിർദേശിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചു. ഏഴു ദിവസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന വഖഫ് ബോർഡുകളിൽ നിയമനം നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചു. ഹരജികൾ വീണ്ടും പരിഗണിക്കുന്നത് വരെ വഖഫ് ബോർഡുകളിലും നിയമനങ്ങൾ ഉണ്ടാകരുതെന്നും കോടതി കേന്ദ്രത്തെ അറിയിച്ചു.

ഇതിനകം രജിസ്റ്റർ ചെയ്തതോ വിജ്ഞാപനം വഴി വഖഫായ ഭൂമിയോ അതേപടി നിലനിർത്തണമെന്ന് കോടതി വ്യക്തമാക്കി. ഏഴു ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചിട്ട് അന്തിമ തീരുമാനമെടുക്കും. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദേശങ്ങൾ കോടതി ഇന്നലെ നൽകിയിരുന്നു. വഖഫ് ഭേദ​ഗതി നിയമത്തിനെതിരെ 70ലേറെ ഹര‌ജികൾ സുപ്രിംകോടതിയില്‍ എത്തിയിട്ടുണ്ട്. ധാരാളം ഹരജികൾ ഉള്ളതിനാൽ പൊതു അഭിഭാഷകരെ നിയമിക്കാം എന്നും കോടതി അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News