സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാതിരുന്നത് ചരിത്ര വിധി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

പാഠ്യപദ്ധതി ചട്ടക്കൂടിൽ സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്ന ജന്റർ തിയറികൾ കടന്ന് വന്നത് പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും വിസ്ഡം നേതാവ് ആവശ്യപ്പെട്ടു

Update: 2023-10-17 12:16 GMT
Advertising

സ്വവർഗ വിവാഹത്തിന് സുപ്രിംകോടതി നിയമസാധുത നൽകാതിരുന്നത് ചരിത്ര വിധിയാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫ്. വിഷയത്തിൽ സുപ്രിംകോടതി വിധി വന്നതോടെ ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കുന്ന സ്വവർഗരതിയെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ന്യായം പറഞ്ഞ് നിയമ വിധേയമാക്കുന്നത് ശരിയല്ലെന്ന് ധാർമിക പക്ഷത്തുള്ളവർ ഇത്രയും കാലം വാദിച്ചപ്പോൾ അവരെ അപരിഷ്‌കൃതരായി മുദ്രകുത്തിയവർ ഈ വിധി കണ്ണു തുറന്നു കാണണം. ഇന്ത്യയുടെ കുടുംബസംവിധാനത്തിന്റെ അലകും പിടിയും തകർക്കുന്നതാണ് സ്വവർഗരതി. ഒട്ടനവധി രോഗങ്ങൾക്ക് കാരണമാകുന്ന പ്രകൃതിവിരുദ്ധ നടപടിയുമാണിത്. ആഗോളതലത്തിലുള്ള ജെൻഡർ പൊളിറ്റിക്‌സിന്റെ ഉപോൽപ്പന്നമാണ് ഇത്തരം നിയമ പോരാട്ടങ്ങൾ. ഇതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. നിയമസംവിധാനങ്ങൾ, വിദ്യാഭ്യാസ ഏജൻസികൾ, പൊതുപ്രവർത്തകർ, സെലിബ്രേറ്റികൾ, മാധ്യമ പ്രവർത്തകർ എന്നിവരിലൂടെ പലവിധ സമ്മർദ്ദങ്ങളും ചെലുത്തിയാണ് എൽ.ജി.ബി.ടി.ക്യു ആക്ടിവിറ്റുകൾ സ്വവർഗരതിയെ വെളുപ്പിച്ചെടുക്കുന്നത്. ഇത്തരം ശ്രമങ്ങൾക്കുള്ള ശക്തമായ തിരിച്ചടി കൂടിയാണ് ഈ വിധി' ടി കെ അഷ്‌റഫ് ഫേസ്ബുക്കിൽ പറഞ്ഞു.

അതേസമയം, LGBTQ ആക്ടിവിസ്റ്റുകളുടെ സമ്മർദത്തിലൂടെ കേരളത്തിലെ പാഠ്യപദ്ധതി ചട്ടക്കൂടിൽ സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്ന ജന്റർ തിയറികൾ കടന്ന് വന്നത് പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും വിസ്ഡം നേതാവ് ആവശ്യപ്പെട്ടു. ഭരണഘടനയിലെ സമത്വമെന്ന അവകാശത്തെ ദുർവ്യാഖ്യാനിച്ചാണ് തലതിരിഞ്ഞ ജന്റർ ന്യൂട്രൽ ആശയങ്ങൾ ചട്ടക്കൂടിൽ കടത്തിക്കൂട്ടിയതെന്നും സ്വവർഗരതിയെ സുപ്രിംകോടതി തള്ളിയ സാഹചര്യത്തിൽ വർണരാജിയെന്ന ലിംഗാബോധം കേരളത്തിലെ കുട്ടികളിൽ വികസിക്കുന്നില്ലെന്ന പാഠ്യപദ്ധതി ചട്ടക്കൂടിലെ നിയമസാധുതയില്ലാത്ത ആശയം നിലനിർത്തുന്നത് ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ എതിർത്തു. ഇതോടെ 3-2 എന്ന നിലയിലാണ് ഹർജികൾ തള്ളിയത്. ഇതിൽ ജസ്റ്റിസ് ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ചു മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.

Supreme Court's historic ruling does not legalize same-sex marriage: TK Ashraf General Secretary Wisdom Islamic Organization

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News