കൊച്ചി കപ്പൽ അപകടം: സംശയകരമായ വസ്തുക്കൾ തീരത്ത് അടിഞ്ഞത് കണ്ടാൽ അടുത്തേക്ക്‌പോകരുത്, ജാഗ്രതാ നിര്‍ദേശം
സംശയമുള്ള വസ്തുക്കളില്‍ തൊടരുതെന്നും അടുത്ത് പോകരുതെന്നും അപ്പോൾ തന്നെ 112 എന്ന നമ്പറില്‍ അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
സംശയമുള്ള അത്തരം വസ്തുക്കളില്‍ തൊടരുതെന്നും അടുത്ത് പോകരുതെന്നും അപ്പോൾ തന്നെ 112 എന്ന നമ്പറില്‍ അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും ഇത്തരം വസ്തുക്കളില്‍ നിന്ന് മാറി നിൽക്കണം.
കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുതെന്നും ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.
വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ ഇന്നലെയാണ് അപകടത്തിൽപെട്ടത്. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് പൂര്‍ണമായും മുങ്ങിയത്. ഇതിനിടെ കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റി. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാവിലെയോടെയാണ് കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചത്. ഇതോടെ കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കടലിൽ വീണ കണ്ടെയ്നറുകൾ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്. അതേസമയം കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.