എയ്ഡഡ് വിദ്യാഭ്യാസമേഖലയെ ആക്ഷേപിക്കാനുള്ള നീക്കങ്ങള്‍ അപലപനീയം: സീറോമലബാര്‍ സഭ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതലങ്ങളിലുള്ള ക്രമക്കേടുകൾ കണ്ടെത്താനും ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാനും ശ്രമിക്കാതെ വിദ്യാഭ്യാസ മേഖലയിൽ നൂറ്റാണ്ടുകളായി മാതൃകാപരമായി സേവനംചെയ്യുന്ന വിദ്യാഭ്യാസ ഏജൻസികളെ ആക്ഷേപിക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്.

Update: 2022-05-25 15:16 GMT
Advertising

കൊച്ചി: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം ആക്ഷേപിച്ചു കൊണ്ടും, അധ്യാപക നിയമനങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം ശ്രീ. എ. കെ. ബാലൻറെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് സീറോ മലബാർ സഭ വാർത്താക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കം യാഥാർത്ഥ്യബോധമില്ലാത്തതും, ചരിത്രത്തെ വിസ്മരിച്ചു കൊണ്ടുള്ളതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ അഴിമതി നടക്കുന്നു എന്ന് ആക്ഷേപിക്കുന്ന പാർട്ടിനേതാവ് യാഥാർത്ഥ്യത്തെക്കുറിച്ച് പഠിക്കാൻ തയ്യാറാകണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതലങ്ങളിലുള്ള ക്രമക്കേടുകൾ കണ്ടെത്താനും ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാനും ശ്രമിക്കാതെ വിദ്യാഭ്യാസ മേഖലയിൽ നൂറ്റാണ്ടുകളായി മാതൃകാപരമായി സേവനംചെയ്യുന്ന വിദ്യാഭ്യാസ ഏജൻസികളെ ആക്ഷേപിക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. രാജ്യത്തെ പൗരൻമാർക്ക് സാർവത്രിക വിദ്യാഭ്യാസം നൽകുന്നതിൽ ഭരണകൂടം പരാജയപ്പെട്ടപ്പോൾ, ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും രാജ്യത്തെ മാതൃകാ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തവരാണ് ക്രൈസ്തവർ. കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസ്താവിച്ചതുപോലെ ചരിത്രബോധവും നിയമാവബോധവുമില്ലാതെ രാഷ്ട്രീയ പ്രവർത്തകർ പെരുമാറുന്നത് ആശാവഹമല്ലെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൻ കോഴ ഇടപാട് നടക്കുന്നുവെന്നായിരുന്നു എഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ എ.കെ ബാലൻ പറഞ്ഞത്. ഇത് അവസാനിപ്പിക്കാൻ നിയമനം പിഎസ്‌സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News