ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം: ടി.ജി മോഹൻദാസിനെതിരെ കലാപാഹ്വാനത്തിന് കേസ്
തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്
തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹന്‍ദാസിനെതിരായ കേസില്‍ തുടർനടപടിയെടുക്കാതെ പൊലീസ്. ഇതുവരെ ടി.ജി മോഹന്‍ദാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ജന്തർമന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടുമെന്നായിരുന്നു ടി.ജി മോഹൻദാസിന്റെ പരാമർശം. നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് ജൂലൈ 29നാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തത്. വിദ്വേഷ പ്രചാരണം നടത്തിയ വീഡിയോ യൂട്യൂബിൽ ഇപ്പോഴും ലഭ്യമാണ്. കണ്ടന്റ് നീക്കം ചെയ്യാനോ ഇയാൾക്കെതിരെ ശക്തമായ നടപടികളിലേക്ക് കടക്കാനോ പൊലീസ് തയ്യാറായിട്ടില്ല.
യൂട്യൂബ് കണ്ടെന്റ് നീക്കുന്നതുമായി ബന്ധപ്പെട്ട് ഇമെയിൽ അയച്ചിട്ടുണ്ടെന്നും ഉടൻ നടപടിയുണ്ടാകുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും അതിനുശേഷം തുടർനടപടിയുണ്ടാകുമെന്നുമാണ് സൈബർ പൊലീസ് നൽകുന്ന വിശദീകരണം.
ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശത്തിൽ ഇയാൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവർ അഴിഞ്ഞാടുകയാണ് എന്നുമാണ് യൂട്യൂബ് വീഡിയോയിൽ മോഹൻദാസ് പറഞ്ഞത്. പൊലീസിനെ പൂർണമായും പിൻവലിച്ച് അവിടെ പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുകൊടുക്കണം. അവിടെ കൊലപാതകവും ബലാത്സംഗവും നടക്കും. ശവങ്ങൾ കുന്നുകൂടുമെന്നും തമ്മിൽ തല്ലി മരിക്കുമെന്നുമാണ് മോഹൻദാസ് പറഞ്ഞത്.
''ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെൺകുട്ടികളുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയിൽ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടൻമാരെല്ലാം ഈ പരിപാടികൾ ഇഷ്ടപ്പെടുന്നവരാണ്''- എന്നാണ് മോഹൻദാസിന്റെ അധിക്ഷേപം.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്ന് മോഹൻദാസ് മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു. ''എനിക്ക് ഈ സിറ്റ്വേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല... കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും..So many things will happen''- എന്നായിരുന്നു മോഹൻദാസ് പറഞ്ഞത്.
ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിർദേശം നൽകിയിരുന്നു. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ്റെ പരാതിയിലാണ് അന്വേഷണം നടന്നത്. സംഭവത്തിൽ എസ്എഫ്ഐയും യൂത്ത് കോൺഗ്രസും ഫ്രറ്റേണിറ്റി മൂവ്മെന്റും പരാതി നൽകിയിരുന്നു.