എം.ടിയുടെ നഷ്ടം എളുപ്പത്തിൽ നികത്താനാവില്ല, ഒരേ കട്ടിലിൽ കിടന്നുറങ്ങിയ ഓർമ എന്നും എനിക്കുണ്ടാവും: ടി. പത്മനാഭൻ

എം.ടിയുടെ വിയോഗം തീരാനഷ്ടമാണ്. ആര് മരിച്ചാലും ഇങ്ങനെ പറയുമെങ്കിലും എം.ടിയുടെ കാര്യത്തിൽ അത് സത്യമാണെന്നും പത്മനാഭൻ അനുസ്മരിച്ചു.

Update: 2024-12-26 06:32 GMT

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ നഷ്ടം എളുപ്പത്തിൽ നികത്താനാവില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. എം.ടിയുടെ വിയോഗത്തിൽ താൻ ഏറെ ദുഃഖിതനാണെന്നും അദ്ദേഹത്തെ വിദ്യാർഥി കാലം മുതൽ പരിചയമുണ്ടെന്നും പത്മനാഭൻ പറഞ്ഞു.

പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കുന്ന കാലം മുതൽ എം.ടിയെ പരിചയമുണ്ട്. അക്കാലത്ത് അദ്ദേഹത്തോടൊപ്പം ഒരേ കട്ടിലിൽ കിടുന്നുറങ്ങിയ ഓർമ എന്നും എനിക്കുണ്ടാവും. എം.ടിയുടെ ജ്യേഷ്ഠൻ എം.ടി.എൻ നായരിലൂടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്നെക്കാൾ മൂന്നോ നാലോ വയസ്സ് കുറവാണ് എം.ടിക്ക്. എങ്കിൽ തങ്ങൾ തമ്മിലുള്ള സ്‌നേഹബന്ധത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അത് ഏറിയും കുറഞ്ഞും ഇക്കാലമത്രയും നിലനിൽക്കുകയും ചെയ്തു.

Advertising
Advertising

ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ എം.ടിയെ സന്ദർശിക്കാൻ കഴിഞ്ഞില്ല. വീഴ്ചയെ തുടർന്നുള്ള ആരോഗ്യപ്രശ്‌നമുണ്ട്. ആരോഗ്യമുണ്ടെങ്കിൽ തീർച്ചയായും പോയി കാണുമായിരുന്നു. രണ്ട് കൊല്ലം മുമ്പാണ് എം.ടിയെ ഏറ്റവും ഒടുവിൽ കണ്ടത്. അദ്ദേഹത്തിന്റെ അന്ത്യം ഇത്ര വേഗത്തിൽ വരുമെന്ന് വിചാരിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തിൽ വേദനയുണ്ട്. താൻ ചെറുകഥയിൽ മാത്രം ഒതുങ്ങി. അത്ര മാത്രമെ തനിക്ക് കഴിയുകയുള്ളൂ. എന്നാൽ എം.ടി അങ്ങനെയല്ല. എം.ടിയുടെ ലോകം വിശാലമാണ്. ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല. എം.ടിയുടെ വിയോഗം തീരാനഷ്ടമാണ്. ആര് മരിച്ചാലും ഇങ്ങനെ പറയുമെങ്കിലും എം.ടിയുടെ കാര്യത്തിൽ അത് സത്യമാണെന്നും പത്മനാഭൻ അനുസ്മരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News