താനൂർ ബോട്ടപകടം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

14 പേരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക

Update: 2023-05-08 13:54 GMT

മലപ്പുറം: താനൂർ ബോട്ടപകടം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. 14 പേരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. താനൂർ എസ്.എച്ച്.ഒ ജീവൻ ജോർജ്, തിരൂർ സബ് ഇൻസ്‌പെക്ടർ പ്രമോദ്, മലപ്പുറം എ.എസ്.ഐ ജയപ്രകാശ് എന്നിവരുൾപ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം ഏറ്റെടുക്കുക.

ഇന്ന് മുഖ്യമന്ത്രിയാണ് പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷമാണ് അന്വേഷണസംഘത്തെ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് മേധാവിയാണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. അതേസമയം അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിലായി. കോഴിക്കോട്ടു വെച്ചാണ് ഇയാൾ പിടിയിലായത്. വൈകീട്ട് ആറോടെയാണ് പൊലീസ് നാസറിനെ കസ്റ്റഡിഡിയിലെടുത്തത്. ഇയാളെ ഉടൻ താനൂർ പൊലീസിനു കൈമാറും.

Advertising
Advertising

അപകടത്തിനു പിന്നാലെ നാസറും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും ഒളിവിൽ പോയിരിക്കുകയായിരുന്നു. കോഴിക്കോട്ടാണ് നാസർ ഒളിവിൽ കഴിഞ്ഞിരുന്നത്. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ള സഹോദരന്റെ ഫോണിലേക്ക് നാസർ വിളിച്ചതായി നേരത്തെ പൊലീസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ളവരെ താനൂർ പൊലീസിന് കൈമാറും.

ഉച്ചയോടെ നാസറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ വെച്ചാണ് വാഹനം പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ മുതൽ കൊച്ചിയിൽ വാഹനപരിശോധന കർശനമാക്കിയിരുന്നു. ഇതിനിടയിലാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസർ വാഹനത്തിലുണ്ടായിരുന്നില്ല. ഡ്രൈവറും നാസറിന്റെ സഹോദരങ്ങളുമാണ് വാഹനത്തിൽ യാത്ര ചെയ്തിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ബോട്ട് സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയത്. ആറ് മണിക്ക് സർവീസ് നിർത്തണമെന്നാണ് നിയമമെങ്കിലും അതും ലംഘിച്ചാണ് അപകടമുണ്ടാക്കിയ ബോട്ട് ഇന്നലെ സർവീസ് നടത്തിയത്. ഉടമ നാസറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

Full View
Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News