മൂന്നു ദിവസം മുമ്പ് ടാറിങ്ങ് പൂർത്തിയാക്കിയ റോഡില്‍ വീണ്ടും ടാറിങ്; നാട്ടുകാര്‍ തടഞ്ഞു, ഒടുവില്‍ റിയാസെത്തി

കരാറുകാർക്ക് റോഡ് മാറിയെന്ന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം മന്ത്രി കണക്കിലെടുത്തില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഹമ്മദ് റിയാസ് ഉത്തരവിട്ടു

Update: 2022-01-03 01:54 GMT

കോഴിക്കോട് മായനാട് പണി കഴിഞ്ഞ റോഡിൽ വീണ്ടും ടാറിട്ടെന്ന് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

മെഡിക്കല്‍ കോളേജ് കുന്ദമംഗമലം റോഡില്‍ മായനാട് ഭാഗത്ത് ഒഴുക്കര റോഡിലാണ് റോഡ് നിർമാണം നാട്ടുകാർക്ക് തടയേണ്ടി വന്നത്. മൂന്നു ദിവസം മുമ്പ് ടാറിങ്ങ് പൂർത്തിയായ സ്ഥലത്ത് വീണ്ടും ചല്ലി നിരത്തി ടാറിടാനായിരുന്നു കരാറുകാരുടെ നീക്കം. റോഡു കുഴിഞ്ഞിടത്ത് അറ്റകുറ്റപ്പണിയെന്നായിരുന്നു കരാറുകാരുടെ വിശദീകരണം. എന്നാല്‍ ഒരിടത്തുംകുഴിയോ മറ്റ് അപാതകളോ ആരും കണ്ടില്ല. ഇതിനെത്തുടര്‍ന്ന് അനാവശ്യമായി വീണ്ടും റോഡ് ടാർ ചെയ്യാന്‍ ശ്രമിക്കുന്നത് നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി തന്നെ സ്ഥലത്തെത്തി. കരാറുകാർക്ക് റോഡ് മാറിയെന്ന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം മന്ത്രി കണക്കിലെടുത്തില്ല. അന്വേഷണത്തിന് ഉത്തരവും നല്കി. 17 മീറ്റർ സ്ഥലത്ത് നിരത്തിയിരുന്ന ചല്ലി കരാറുകാർ തന്നെ മാറ്റി. അന്വേഷണ റിപ്പോർട്ട് വരുന്ന മുറയ്ക്ക് കരാറുകാർക്കും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News