തസ്മിദ് ഒന്നിലധികം തവണ ഐലൻഡ് എക്സ്പ്രസിൽ കയറിയിറങ്ങി; നിർണായകമായി ശുചീകരണത്തൊഴിലാളിയുടെ മൊഴി
കുട്ടി ഇറങ്ങിക്കയറുന്ന ദൃശ്യങ്ങൾ കിട്ടിയതായി ഔദ്യോഗിക സ്ഥിരീകരണം
തിരുവന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനി തസ്മിദ് തംസത്തിനെ കണ്ടെന്ന് ശുചീകരണത്തൊഴിലാളിയുടെ മൊഴി. ഐലൻഡ് എക്സ്പ്രസ് വൃത്തിയാക്കാൻ വന്ന സ്ത്രീയാണ് മൊഴി നൽകിയത്. കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒന്നിലധികം തവണ കുട്ടി ഐലൻഡ് എക്സ്പ്രസിൽ കയറിയിറങ്ങിയെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴിയിലുള്ളത്. അതിനിടെ കുട്ടി ഇറങ്ങിക്കയറുന്ന ദൃശ്യങ്ങൾ കിട്ടിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുട്ടി ധരിച്ചിരുന്ന വസ്ത്രവും ബാഗും വെച്ചാണ് തിരിച്ചറിഞ്ഞത്.
കുട്ടി കന്യാകുമാരി വരെ ട്രെയിനിൽ ഉണ്ടായിരുന്നെന്ന് യാത്രക്കാരനും മൊഴി നൽകി. തസ്മിദ് യാത്ര ചെയ്ത ജനറൽ കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന യാത്രക്കാരന്റേതാണ് മൊഴി. കുട്ടിയെ കന്യാകുമാരിയിൽ കണ്ടുവെന്ന് ഓട്ടോ ഡ്രൈവർ അറിയിച്ചിതിനെ തുടർന്നാണ് നേരത്തേ പരിശോധന നടത്തിയത്. എന്നാൽ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വിയിൽ കുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനായിരുന്നില്ല. കുട്ടിക്കായി കന്യാകുമാരി ബീച്ചിലും നഗരത്തിലുമെല്ലാം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി കന്യാകുമാരി ഭാഗത്തേക്ക് ട്രെയിനിൽ പോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. ചിത്രം കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിക്കുകയായിരുന്നു.