വിദ്യാർഥിനിയെയും അധ്യാപകനെയും ചേർത്ത് വ്യാജപ്രചരണം നടത്തിയ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സി.ആർ ചന്ദ്രലേഖക്കെതിരെയാണ് നടപടി

Update: 2025-06-06 07:42 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: കിളിമാനൂരിൽ അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ വിദ്യാർഥിനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക സി.ആർ ചന്ദ്രലേഖക്കെതിരെയാണ് നടപടി. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്കൂൾ മാനേജ്മെന്റാണ് നടപടിയെടുത്തത്. എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അധ്യാപിക വ്യാജ പ്രചരണം നടത്തിയത്. അപമാനിക്കപ്പെട്ട പെൺകുട്ടി നാണക്കേട് കാരണം പ്ലസ് വൺ പഠനം ഉപേക്ഷിച്ചു. ​

Advertising
Advertising

പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷണത്തിനായി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതിന് പിന്നാ​​ലെയാണ് പൊലീസ് കേസെടുത്തത്. നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.

അസുഖ ബാധിതയായ വിദ്യാർഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്. സ്കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പടെ വിദ്യാർഥിനിയുടെ പേര് പറഞ്ഞ് അധിക്ഷേപിച്ചു. അധ്യാപിക തന്നെയാണ് ഇത് പ്രചരിപ്പിച്ചതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സിഡബ്ല്യൂസിയിലും പൊലീസിലും അധ്യാപിക വ്യാജ പരാതി നൽകി. സിഡബ്ല്യൂസി അന്വേഷണത്തിൽ ഉൾപ്പടെ വ്യാജ പ്രചാരണമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സ്കൂളിൽ അടക്കം ഇല്ലാക്കഥകൾ പ്രചരിച്ചതോടെ നാണക്കേട് മൂലം വിദ്യാർഥിനി പഠനം ഉപേക്ഷിക്കുകയായിരുന്നു.

പ്ലസ് വണ്ണിൽ പഠിക്കുന്നതിനിടെ പെൺകുട്ടിക്ക് സൈലന്റ് ഫിറ്റ്സ് എന്ന രോഗം പിടിപെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന് നാല് മാസം സ്‌കൂളിൽ പോയിരുന്നില്ല. രോഗം മാറിയപ്പോൾ സ്കൂളിൽ പോകണം എന്നുണ്ടായിരുന്നുവെന്നും എന്നാൽ ആളുകൾ എങ്ങനെ പെരുമാറുമെന്ന് പേടിയായെന്നും പെൺകുട്ടി പറയുന്നു. ആ അധ്യാപകനുമായി പരിചയം പോലും ഉണ്ടായിരുന്നില്ല. വാട്സ് ആപ്പ് ഗ്രൂപ്പിലെ വ്യാജ പ്രചാരണം മറ്റുള്ളവർ അറിഞ്ഞു വലിയ നാണക്കേട് ഉണ്ടായി. നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥയായിരുന്നു. ഒരു അധ്യയന വർഷവും നഷ്ടമായി. തന്നെ കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിച്ച അധ്യാപികയെ തുടരാൻ അനുവദിക്കരുതെന്ന് പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News